Latest NewsNEWSSocial Media

‘നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത കലാകാരന്‍’: അനില്‍ നെടുമങ്ങാടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എം എ നിഷാദ്

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ആയിരുന്നു മലങ്കര ഡാമില്‍ മുങ്ങി മരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്. താന്‍ കോവിഡ് മുക്തനായി വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നെന്നും, താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാര്‍ത്ത എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എം എ നിഷാദിന്റെ കുറിപ്പ്:

‘അന്ന് ഒരു ക്രിസ്തുമസ് ദിനത്തില്‍, അന്ന് എന്ന് പറയുമ്പോള്‍ കൃത്യം ഒരു വര്‍ഷം മുമ്പ്.. കോവിഡിനെ ജയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ നിന്നും എന്നെ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതും ഈ ദിനത്തിലായിരുന്നു… പതിനാല് ദിവസത്തെ ദുരിതപൂര്‍ണ്ണമായ ദിനരാത്രങ്ങള്‍ക്ക് ശേഷം വെളിച്ചം കണ്ട ദിനം…

മുറിയില്‍ എത്തി ഞാന്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു… താങ്ങാവുന്നതിനുമപ്പുറം… ദുഖം കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ അതനുവദിച്ചില്ല.. വിതുമ്പി കണ്ണും നെഞ്ചും.. അനില്‍ ഒരു നല്ല നടനും, സഹോദരനും, സുഹൃത്തുമായിരുന്നു… എന്റെ സിനിമകളായ കിണറിലെയും തെളിവിലേയും നിറ സാന്നിധ്യം…

രമേശ് അമ്മാനത്ത് സംവിധാനം ചെയ്ത ചൂളം എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്… രണ്ട് നാള്‍ കൂടുമ്പോള്‍ ഒരു കോള്‍ അല്ലെങ്കില്‍ മെസേജ്… അതൊരു പതിവായിരുന്നു.. നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത കലാകാരന്‍…സ്‌നേഹ സ്വരത്തില്‍ ഇടക്ക് ശാസിക്കാനുളള സ്വാതന്ത്ര്യം അനില്‍ എനിക്ക് നല്‍കിയിരുന്നു…

മലയാളത്തിലെ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കേണ്ടവനെ മരണമെന്ന രംഗ ബോധമില്ലാത്ത കോമാളി കൂട്ടി കൊണ്ട് പോയി… വേദനയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല… പ്രിയ സഹോദരന്റെ സ്മരണകള്‍ക്ക് മുന്നില്‍,ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു…’

shortlink

Related Articles

Post Your Comments


Back to top button