സിനിമാരംഗത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ മലയാള സിനിമയുടെ പ്രതിഭ കെ എസ് സേതുമാധവന് ആദരാഞ്ജലികളർപ്പിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആദരാഞ്ജലികൾ അർപ്പിച്ചത്. ‘സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ, എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ’ മമ്മൂട്ടി കുറിച്ചു.
ശക്തമായ കഥകൾ കണ്ടെത്തി മലയാള സിനിമയില്‍ പുതിയ ഭാവുകത്വത്തിന് തുടക്കം കുറിച്ച അദ്ദേഹം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2010ൽ ജെ.ഡി.ഡാനിയൽ പുരസ്കാരം ലഭിച്ചു. ഒന്നിലധികം തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി.
സിനിമ മേഖലയിലെ നിരവധി പേരാണ് മലയാള സിനിമയ്ക്ക് പ്രിയ സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ചത്. ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിൽ വച്ചായിരുന്നു സംവിധായകന് കെ.എസ് സേതുമാധവന്റെ അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments