Uncategorized

‘സിബിഐ സിനിമയിൽ ജഗതി ജോയിൻ ചെയ്തിട്ടില്ല, ഇത്തരം അഭ്യൂഹങ്ങള്‍ ഒഴിവാക്കണം’- അരോമ മോഹന്‍

മലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാർ സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുമെന്ന വാർത്ത സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സിബിഐ അഞ്ചിൽ അദ്ദേഹം ജോയിൻ ചെയ്തു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വരുകയും ചെയ്തു. ജഗതി ശ്രീകുമാർ സെറ്റിൽ ഇരുന്നു മേക്കപ്പ് ഇടുന്ന വീഡിയോയും പ്രചരിച്ചിരുന്നു. എന്നാൽ ആ വീഡിയോ സിബിഐ അഞ്ചാം ഭാഗത്തിലേതല്ല. നടൻ സിബിഐ സിനിമയിൽ ജോയിൻ ചെയ്തിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷം ജഗതി അഭിനയിച്ച പരസ്യ ചിത്രത്തിന്റെ മേക്കിങ് വിഡിയോയിൽ നിന്നുമുള്ളതാണ്. അജു വർഗീസ്, ശ്വേതാ മേനോൻ ഉൾപ്പടെ സിനിമാ മേഖലയിൽ നിന്നും നിരവധിപ്പേർ വീഡിയോ സമൂഹ മാധ്യമങ്ങയിലൂടെ പങ്കുവെച്ചിരുന്നു.

ജഗതി ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടില്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അരോമ മോഹന്‍ ആണ് ഇത് സംബന്ധിച്ച് കാന്‍ ചാനലിനോട് പ്രതികരിച്ചത്.

അരോമ മോഹന്റെ വാക്കുകൾ :

‘അമ്പിളിച്ചേട്ടനെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നിരുന്നു എന്നത് നേരാണ്. എന്നാല്‍ അദ്ദേഹം ഈ നിമിഷം വരെ സിനിമയുടെ ലൊക്കേഷനില്‍ വന്നിട്ടുമില്ല, അഭിനയിച്ചിട്ടുമില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജഗതി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്ന് അദ്ദേഹം മേക്കപ്പ് ഇടുന്ന ചിത്രമാണ് വാസ്തവത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.

സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയില്‍ നിന്നാണ്. ഇക്കാര്യം അദ്ദേഹം സംവിധായകനുമായി സംസാരിച്ചു. മമ്മൂട്ടിയുടെ അടുക്കലും ഈ ചര്‍ച്ച എത്തി. എല്ലാവരും ഒരേ സ്വരത്തില്‍ അതിന് സമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിയെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

അതുവരെ എങ്കിലും ഇത്തരം അഭ്യൂഹങ്ങള്‍ ഒഴിവാക്കണം. പൂര്‍വ്വാധികം ശക്തിയോടെ ജഗതി സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികള്‍. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്’ – അരോമ മോഹന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button