InterviewsLatest NewsNEWS

‘അദ്ദേഹം അന്നേ ഒരു വിപ്ലവകാരിയായിരുന്നു’: അന്തരിച്ച സംവിധായകൻ കെ എസ് സേതുമാധവനെ അനുസ്മരിച്ച് ഫാസിൽ

കെ എസ് സേതുമാധവന്റെ പടങ്ങളൊക്കെ കണ്ടു പഠിക്കാവുന്ന പാഠങ്ങളാണ് എന്ന് സംവിധായകൻ ഫാസിൽ. മലയാള വിഷയത്തെ വെറും കച്ചവട സിനിമകളെന്നു പറഞ്ഞ സമയത്തും ദിശ മാറി നല്ല നല്ല സിനിമകൾ മലയാളത്തിന് സംഭാവന ചെയ്ത് തന്നെപോലെ ഉള്ളവർക്ക് ബോധം വരുത്തിയ ഒരു മനുഷ്യനായിരുന്നു കെ എസ് സേതുമാധവൻ എന്ന് റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

ഫാസിലിന്റെ വാക്കുകൾ :

‘ഒരു പ്രതിഭയെയാണ് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത്. ഇന്ന് നിലനിൽക്കുന്ന സംവിധായകരിൽ പലരും പ്രേക്ഷകരുടെ തൃപ്തിക്ക് വേണ്ടി അനാവശ്യമായി പലതും ചെയ്യാറുണ്ട്. എന്നാൽ അദ്ദേഹം അങ്ങനെയായിരുന്നില്ല. അദ്ദേഹം അനാവശ്യമായ ഷോട്ടുകൾ ഒന്നും എടുക്കാതെ കൃത്യമായിട്ട് സിനിമയെ നോക്കി കാണുമായിരുന്നു. മലയാള വിഷയത്തെ വെറും കച്ചവട സിനിമകളെന്നു പറഞ്ഞ സമയത്തും ദിശ മാറി നല്ല സിനിമകൾ മലയാളത്തിന് സംഭാവന ചെയ്ത് എന്നെ പോലെ ഉള്ളവർക്ക് ഒരു ബോധം വരുത്തിയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.

നല്ല നോവലുകൾ സിനിമയാക്കി സത്യൻ മാഷിനെ വച്ച് ഒരുപാട് പടങ്ങൾ ചെയ്തു എന്ന് പറയുമ്പോഴും അദ്ദേഹം തന്നെയാണ് പുതുമുഖങ്ങളെ വച്ച് (കമല ഹാസനെ) സിനിമയെടുത്തത്. അന്നേ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു. ഞാൻ സിനിമാക്കാരനാകുന്നതിനു മുൻപ് റോൾ മോഡലായി വച്ചിരുന്ന സംവിധായകർ വിൻസെന്റ് മാഷ്, സേതുമാധവൻ, പി ഭാസ്കരൻ മാഷ് എന്നിവരാണ്.

സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് ഒരു പക്ഷപാതമുണ്ടായിരുന്നു. ദേവരാജൻ മാസ്റ്ററിനും വയലാർ രാമവർമയ്ക്കും അദ്ദേത്തിന്റെ സിനിമയിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരം കൊടുത്തു. അത് ഓരോ സംവിധായകർക്കും സംഭവിക്കുന്നതാണ്. അദ്ദേഹത്തിന് വളരെ തൃപ്തിയായ മൂന്നു പേരായിരുന്നു സത്യൻമാഷും, ദേവരാജൻ മാസ്റ്ററും വയലാർ രാമവർമ്മയുമെല്ലാം. അവരൊക്കെ മലയാള സിനിമയിലെ പ്രതിഭകളായിരുന്നു, അതൊരു കുറ്റമായിട്ടൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ പടങ്ങളൊക്കെ കണ്ടു പഠിക്കാവുന്ന പാഠങ്ങളാണ്’- ഫാസിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button