GeneralLatest NewsNEWS

‘കാലമെത്ര കഴിഞ്ഞാലും പി ടിയുടെ മഹത്വത്തിന് മരണമില്ല’: പി ടി തോമസിനെ അനുസ്മരിച്ച് ആലപ്പി അഷറഫ്

പി ടി തോമസിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെടാനായത് ഭാഗ്യമായ് കരുതുന്നുവെന്നും ഇത്രവേഗം പിരിയേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ആലപ്പി അഷ്‌റഫ്. പി ടി തോമസിനെ അനുസ്മരിച്ച് ആലപ്പി അഷ്‌റഫ് എഴുതിയ കുറിപ്പിൽ കാലമെത്ര കഴിഞ്ഞാലും പി.ടി.യുടെ മഹത്വത്തിന് മരണമില്ല എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:

‘ഇരുന്താലും മറൈന്താലും പേര്‍ ശൊല്ല വേണ്ടും ..
ഇവര്‍ പോലെ യാരന്ന് ഊര്‍ശൊല്ല വേണ്ടും..

ഇത് എംജിആര്‍ ചിത്രത്തിലെ പ്രശസ്ത ഗാനത്തിലെ വരികളാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ആ പേര്‍ മുഴങ്ങണം. ഇദ്ദേഹത്തെ പോലെ ആരുമില്ലന്നു നാട് പറയണം. ഇതാണ് ഈ വരികളുടെ പൊരുള്‍.

പി.ടി. തോമസിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെടാനായത് ഭാഗ്യമായ് ഞാന്‍ കരുതുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍, ഇരയോടൊപ്പം ഉറച്ച് നിന്ന പി ടി യുടെ നിലപാട് പൊതുസമൂഹത്തിന് പ്രചോദനമായിരുന്നു. കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച ചികത്സാ സഹായത്തെ എതിര്‍ത്തവരുടെ വായ് അടപ്പിച്ചത് പി ടി യുടെ ഉറച്ച നിലപാടിലൂടെയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹത്തോടൊപ്പം ഞാനും ചില അടുത്ത സുഹൃത്തുക്കളും ഒരു സായാഹ്നത്തില്‍ ഒത്തു ചേര്‍ന്നിരുന്നു. അന്നു പി ടി തന്റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ്സ് തുറന്നു. ഒപ്പമുണ്ടായിരുന്ന ഗാന രചയിതാവ് ആര്‍.കെ ദാമോദരന്റെ ചില കവിതകള്‍ സംഗീതം നല്‍കി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റിക്കാര്‍ഡ് ചെയ്യണമെന്ന ആഗ്രഹവും പി ടി പ്രകടിപ്പിച്ചു.

ഒത്തുചേരലിനൊടുവില്‍ ചിലര്‍ പാട്ടുകള്‍ പാടി, മറ്റുചിലര്‍ തമാശകള്‍ പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോള്‍ തൊട്ടടുത്തിരുന്ന പി ടിയെ ചൂണ്ടി ഞാന്‍ ഉറക്കെ പാടി…

ഇരുന്താലും മറൈന്താലും പേര്‍ ശൊല്ല വേണ്ടും …
ഇവര്‍ പോലെ യാരന്ന് ഊര്‍ശൊല്ല വേണ്ടും…
ഇവര്‍ പോലെ യാരന്ന് ഊര്‍ശൊല്ല വേണ്ടും…

എല്ലാവരും അത് ശരിയെന്ന സൂചനയോടെ കൈകള്‍ കൊട്ടി. പി ടി ഒരു ചെറു പുഞ്ചിരിയോടെ ആ ആദരവ് സ്വീകരിച്ചു. പക്ഷേ അന്നു ഞാനോര്‍ത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ ഇത്ര വേഗം പിരിയേണ്ടിവരുമെന്ന്. ഇപ്പോഴും ആ വരികള്‍ ഇവിടെ മുഴങ്ങുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും പി ടി യുടെ മഹത്വത്തിന് മരണമില്ല’.

shortlink

Post Your Comments


Back to top button