അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ വീഡിയോ ചിത്രീകരിച്ചു എന്ന സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്ന തീരുമാനത്തെ എതിർത്ത് താരം. യോഗത്തിനിടെ താന്‍ ഒളിക്യാമറയൊന്നും വച്ചിട്ടില്ലെന്നും, വീഡിയോ പകര്‍ത്തിയതില്‍ പലതും ഒരുപക്ഷേ അവര്‍ക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ക്യുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ തന്നെ ബൈ-ലോയില്‍ എവിടെയാണ് ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞതെന്ന് ഞാന്‍ ചോദിക്കുകയുമുണ്ടായി. ദേവനായിരുന്നു ഞാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുവെന്ന് പറഞ്ഞത്. അപ്പോള്‍ പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ- ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചത്. അങ്ങനെ നിര്‍ദേശമുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തത്. സംഘടന എന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല’- ഷമ്മി തിലകന്‍ പറഞ്ഞു.
Leave a Comment