GeneralLatest NewsNEWS

‘മനസ്സില്‍ കണ്ട ചിത്രം മനസ്സിനേക്കാള്‍ വേഗത്തില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍’: അനീഷ് ഉപാസന

കഴിഞ്ഞ ദിവസം ഛായാഗ്രാഹകനും സംവിധായകനുമായ അനീഷ് ഉപാസന പകർത്തിയ ഗോട്ടിയിലേക്ക് നോക്കുന്ന ഒരു ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ആ ചിത്രം എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് അനീഷ് ഉപാസന സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ.

അനീഷ് ഉപാസനയുടെ കുറിപ്പ്:

‘ദേ ഗോട്ടിക്കുള്ളില്‍ ഞാന്‍..’
(ലൊക്കേഷന്‍ ബാറോസ്)
വിഷ്ണു : അനീഷേട്ടാ ലാല്‍ സാര്‍ വന്നിട്ടുണ്ട്..
ഞാന്‍ : ആണോ..? ശെരി ക്യാമറ താ.. ഒന്ന് പുറകെ പോയി നോക്കട്ടെ.. എന്തേലും തടഞ്ഞാലോ…??

സ്റ്റാന്‍ഡില്‍ ഉറപ്പിച്ച ക്യാമറയെടുത്ത് സാറിന്റെ പുറകെ പോകുന്ന ഞാന്‍ ബാറോസിന് വേണ്ടിയൊരുക്കിയ കൂറ്റന്‍ സെറ്റിനകത്ത് സഹപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്ന ലാല്‍ സാറിനെ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.

അല്പ നേരത്തിന് ശേഷം പുറത്തേക്കിറങ്ങിയ ലാല്‍ സാറിനടുത്ത് കലാസംവിധായകന്‍ സന്തോഷ് രാമന്‍ ആര്‍ട്ട് പ്രോപ്പര്‍ട്ടികള്‍ പലതും കാണിച്ച് തുടങ്ങി. എല്ലാം ഒന്നിനൊന്ന് മെച്ചം. പെട്ടെന്നായിരുന്നു ഒരു ഗോട്ടി കൈയില്‍ കിട്ടിയത്. കൂടെ നിന്നവരോടായി ലാല്‍ സാര്‍ : ഇത് നന്നായിട്ടുണ്ടല്ലേ.. നോക്കൂ.. ഇതിലെന്നെ കാണാം. (കുട്ടിത്തം തുളുമ്പുന്ന ചിരി). ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാര്‍ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്. ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമറയെടുക്കാന്‍ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം..

ഈ ഒറ്റ ഫോട്ടോ മാത്രമേ എനിക്കെടുക്കാന്‍ കഴിഞ്ഞുള്ളു.. അതിനുള്ളില്‍ സാര്‍ മുഖത്ത് നിന്നും ഗോട്ടി മാറ്റിയിരുന്നു. ക്യാമറ കൈയിലെടുത്തപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചതാണ് ആ ഗോട്ടിയില്‍ സാറിന്റെ മുഖം പതിയണമെന്ന്…പതിഞ്ഞു..?? മനസ്സില്‍ കണ്ട ചിത്രം മനസ്സിനേക്കാള്‍ വേഗത്തില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ?? ഇപ്പൊ സാറിന്റെ വാട്‌സാപ്പ് ഡിപി ആണ് ഈ ചിത്രം’.

shortlink

Related Articles

Post Your Comments


Back to top button