മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് പിന്നാലെ സിനിമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വ്യാപകമായി നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും ചിത്രത്തിനെതിരെ നടന്നിരുന്നു. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ എന്ന സിനിമയെ അനാവശ്യമായി ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ഇത്രയേറെ വിമർശനങ്ങൾക്കിടയിലും ഹരീഷ് പേരടി അവതരിപ്പിച്ച ‘മങ്ങാട്ടച്ചൻ’ എന്ന കഥാപാത്രം ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അമ്മയുടെ മീറ്റിംഗിനിടയില്‍ മമ്മൂട്ടിയും മാങ്ങാട്ടച്ചനെ പ്രശംസിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ.
‘ഇന്ന് അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടി. ഈ മഹാനടന് ‘മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി’ എന്ന നല്ല വാക്കുകള്‍. മമ്മുക്കയെ പോലെ ഒരാള്‍ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്. സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര് കേള്‍ക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല. അതുകൊണ്ടാ. മമ്മുക്കാ ഉമ്മ’- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments