
സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് റിലീസിംഗ് മുടങ്ങിയ അല്ലു അര്ജുന് നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം ‘പുഷ്പ’യുടെ മലയാളം പതിപ്പ് പ്രദര്‍ശനമാരംഭിച്ചു . വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് വിതരണക്കാര്‍ റിലീസ് ചെയ്തത്. പിന്നാലെ കേരളത്തിലെ വിതരണക്കാരായ ഇ 4 എന്റര്ടെയ്ന്മെന്റ് ഇതിന് ആസ്വാദകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
ഓഡിയോ സംബന്ധിച്ച പ്രശ്നങ്ങളായിരുന്നു മലയാളം പതിപ്പ് വൈകാന്‍ ഇടയാക്കിയതെന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞത്. പ്രശ്നം പരിഹരിച്ചതിനു ശേഷം തയ്യാറാക്കിയ കോപ്പിയുടെ സെന്‍സറിംഗിനും കാലതാമസം നേരിട്ടതാണ് മലയാളം പതിപ്പ് ഒരു ദിവസം വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം.
ഇപ്പോൾ അല്ലുവിന്റെ മുന്‍ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരായ ഐഫാര്‍ ഇന്റര്‍നാഷണലിന്റെ റാഫി മതിരയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റോമിയോ ആന്റ് ജൂലിയറ്റ്സ് തെലുങ്ക് റിലീസിനൊപ്പം മലയാളത്തിലും പ്രദര്‍ശിപ്പിക്കാന്‍ സെന്സറിനു വേണ്ടി ഒത്തിരി ബുദ്ധിമുട്ടിയെന്നാണ് അദ്ദേഹം പറയുന്നത്.
റാഫി മതിരയുടെ വാക്കുകൾ :
‘പുഷ്പ മലയാളം പതിപ്പ് ഇന്നു മുതല്‍ എല്ലാ കേന്ദ്രങ്ങളിലും! ലോകമെമ്പാടും ഇന്നലെ റിലീസ് ചെയ്ത മലയാളികളുടെ ദത്തുപുത്രന് അല്ലുവിന്റെ പുഷ്പയുടെ മലയാളം പതിപ്പ് ഇന്നലെ പ്രദര്‍ശനം ഉണ്ടായിരുന്നില്ല. സെന്‍സര്‍ ലഭിക്കാത്തതായിരുന്നു കാരണം. തെലുങ്കില്‍ സെന്‍സര്‍ ലഭിച്ച ഏതൊരു സിനിമയും ഏതു ഭാഷയിലേയ്ക്കു സെന്‍സര്‍ ചെയ്യണമെങ്കിലും ഒറിജിനല്‍ പതിപ്പ് സെന്‍സര്‍ ചെയ്തിടത്ത് തന്നെ ചെയ്യേണ്ടി വരും. ചുരുങ്ങിയ സമയത്തിനുള്ളില്‍ സെന്സറിനു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വളരെ പ്രയാസമാണ്.
കേരളത്തില്‍ ഞാന്‍ എത്തിച്ച അല്ലുവിന്റെ 2013-ലെ സിനിമയായ റോമിയോ ആന്റ് ജൂലിയറ്റ്സ് തെലുങ്ക് റിലീസിനൊപ്പം മലയാളത്തിലും പ്രദര്‍ശിപ്പിക്കാന്‍ സെന്സറിനു വേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. അനവധി കടമ്പകള്‍ കടന്നിട്ടാണെങ്കിലും തെലുങ്ക് റിലീസിനൊപ്പം തന്നെ മലയാളം പതിപ്പും റിലീസ് ചെയ്യാന്‍ അന്നെനിക്ക് കഴിഞ്ഞിരുന്നു.
ഇന്നലെ സെന്‍സര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലെ പ്രദര്‍ശനം മുടങ്ങാതെ തമിഴ് പതിപ്പ് പ്രദര്‍ശിപ്പിച്ചാണെങ്കിലും അല്ലു ആരാധകരുടെ ആഗ്രഹം നിറവേറ്റിയതില്‍ വിതരണക്കാര്‍ പ്രശംസയര്‍ഹിക്കുന്നു. സതീഷ് മുതുകുളത്തിന്റെ സ്ക്രിപ്റ്റും സിജു തുറവൂരിന്റെ ഗാനങ്ങളും ജിസ് ജോയിയുടെ ശബ്ദവും ഫഹദ് ഫാസിലിന്റെ കിടിലന്‍ വില്ലന്‍ കഥാപാത്രവും അല്ലുവിന്റെ തീപാറുന്ന പെര്‍ഫോമന്‍സും ആരാധകര്‍ക്ക് ആസ്വാദ്യകരമായിരിക്കും എന്നതില്‍ സംശയമില്ല. ഈ സിനിമയുടെ പൈറേറ്റഡ് കോപ്പി തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രചരിക്കുന്നുണ്ട്. അല്ലു ആരാധകര്‍ ആരും അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മലയാളം പതിപ്പ് ഇന്ന് തന്നെ തിയറ്ററുകളിലെത്തി കാണൂ. പുഷ്പ ഒരു വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.’
Post Your Comments