കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ എല്ലാവരും ഒഴിവാക്കുമായിരുന്നുവെന്നും എന്നാൽ സിനിമയില്‍ ഇടം കണ്ടെത്തിയതോടെ അനുഗ്രഹീതനാണെന്ന് തോന്നിയെന്നും നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. താന്‍ എന്തു തെറ്റ് ചെയ്താലും അതിന് ഡബിള്‍ ഇംപാക്ട് ആയിരിക്കുമെന്നാണ് ബിബിന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ബിബിന്റെ വാക്കുകൾ :
‘കാലിന് വയ്യ എന്ന കാരണത്താല്‍ എന്നെ എല്ലാവരും ഒഴിവാക്കുമായിരുന്നു. സ്‌കൂളില്‍ നിന്ന് ടൂറൊക്കെ പോകുമ്പോള്‍ എനിക്ക് നടക്കാന്‍ പറ്റാത്തത് കൊണ്ട് ബസില്‍ തന്നെ ഇരുത്തും. ആ സമയം എന്റെ വിഷമവും ബോറടിയും മാറ്റാന്‍ ബസ് ഡ്രൈവറോട് കമ്പനിയടിക്കും. അല്ലെങ്കില്‍ അവിടെയുള്ള ചായക്കടക്കാരനോട് കമ്പനിയടിക്കും.
അങ്ങനെ ഞാൻ തന്നെ ഉണ്ടാക്കിയെടുത്തതാണ് ഈ സ്വഭാവം. വാത്സല്യം ആണ് ആദ്യമായി തിയേറ്ററില്‍ പോയി കണ്ട സിനിമ. പിന്നെ വിഷ്ണുലോകം കണ്ടു. അന്നു തൊട്ട് സിനിമയില്‍ നായകനാകണമെന്ന് ഉളളിലുണ്ട്. പക്ഷെ ആരോടും പറയില്ല.
കലാഭവനില്‍ മിമിക്രി ചെയ്യുന്ന കാലത്തും പല സ്‌കിറ്റുകളുമുണ്ടാകും. എന്നാല്‍, കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ ഉള്‍പ്പെടുത്തില്ല. ഒരിക്കല്‍ വിഷ്ണു വിളിച്ചു. ‘ഒരു സ്‌കിറ്റുണ്ട്. നീ ഡയറക്ട് ചെയ്യ്, ഞാന്‍ അഭിനയിക്കാം’ എന്ന് പറഞ്ഞു. അന്ന് ഞാൻ പൊട്ടിത്തെറിച്ചു.’നീ എന്തിനാണ് എന്നെ ഡയറക്ടാക്കുന്നത്, എനിക്ക് അഭിനയിക്കണം’ എന്ന് പറഞ്ഞു. അപ്പോഴാണ് വിഷ്ണുവിന് പോലും തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മനസിലായത്.
കാലിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് എവിടെയും മാറി നിന്നിട്ടില്ല. പക്ഷെ, താന്‍ എന്ത് തെറ്റ് ചെയ്താലും അതിന് ഡബിള്‍ ഇംപാക്ടാണ്. ഉദാഹരണത്തിന്, താന്‍ ബാറില്‍ പോയാല്‍ അവിടെയുള്ളവര്‍ പറയും.
വയ്യാത്ത കാലായിട്ടും ഇവിടെ വന്നത് കണ്ടില്ലേ എന്ന്. ഭരത്ചന്ദ്രന്‍ ഐപിഎസ് സിനിമ റിലീസായ ദിവസം തന്നെ താന്‍ തിയേറ്ററില്‍ പോയി. ഭയങ്കര തിരക്ക്. ടിക്കറ്റെടുക്കാന്‍ തിരക്കായപ്പോള്‍ പൊലീസ് തന്നെ അടിച്ചു. ‘ആദ്യ ദിവസം തന്നെ കാലും വയ്യാതെ വന്നിരിക്കുന്നു’ എന്നായിരുന്നു പൊലീസ് പറഞ്ഞത്’- ബിബിന്‍ പറഞ്ഞു.
Post Your Comments