![](/movie/wp-content/uploads/2021/12/rushda-wedding.jpg)
നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമിക്കുക പോലും ചെയ്യാതെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നന്ദി പറഞ്ഞ് നടന്‍ റഹ്‌മാന്‍. ഡിസംബര്‍ 11 ന് ചെന്നൈയില്‍ ഹോട്ടല്‍ ലീല പാലസില്‍ വച്ചായിരുന്നു വിവാഹം. അപ്രതീക്ഷിതമായി ചടങ്ങിനെത്തി നവദമ്പതികളെ അനുഗ്രഹിച്ച ആ നിമിഷം തനിക്ക് മറക്കാനാവില്ലെന്ന് റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
‘നീലഗിരിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നതിന്റെ പിറ്റേ ദിവസമായിരുന്നു റുഷ്ദയുടെ വിവാഹം. മുഖ്യമന്ത്രി സംഭവ സ്ഥലത്തേക്ക് പോയെന്നുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നു. അദ്ദേഹത്തിന് വിവാഹ ചടങ്ങിലേക്ക് എത്താനാവുമോയെന്ന് അറിയില്ലായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമമില്ലാതെ നേരില്‍ വന്ന് നവദമ്പതികളെ അനുഗ്രഹിച്ച മുഖ്യമന്ത്രിക്കും ഒപ്പമെത്തിയവര്‍ക്കും ഹൃദയം കൊണ്ട് നന്ദി പറയുന്നു’- റഹ്‌മാന്‍ കുറിച്ചു.
രണ്ട് ബാസ്‌ക്കറ്റുകളിലായി വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകളാണ് സ്റ്റാലിന്‍ റുഷ്ദയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയത്. മുഖ്യമന്ത്രി നല്‍കിയ സമ്മാനങ്ങളുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പും സമ്മാനത്തിനൊപ്പം ഉണ്ടായിരുന്നു. എം.കെ. സ്റ്റാലിനെ കൂടാതെ ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യം, മോഹന്‍ലാല്‍ ഉള്‍പ്പടെ രാഷ്ട്രീയ- കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments