പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്. 21 എന്ന വയസ് അല്ല, മതിയായ വിദ്യാഭ്യാസം നേടി ജോലി ആയിട്ടേ വിവാഹം കഴിക്കൂ എന്ന് ഓരോ പെണ്‍കുട്ടികളും പറയണമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
‘യുവതികളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കിയ കേന്ദ്ര സര്‍കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് ആയിരം ആശംസകള്‍. മനസ്സിന് പക്വത വന്നിട്ട് മതി കല്യാണം. പഠനം കഴിഞ്ഞ് ചെറുതെങ്കിലും എന്തെങ്കിലും ജോലി കിട്ടി, കുഞ്ഞു ബാങ്ക് ബാലന്‍സ് ഒക്കെ ഉണ്ടാക്കി വിവാഹം കഴിക്കുന്നതാണ് പെണ്‍കുട്ടികള്‍ക്ക് നല്ലത്. അതിലൂടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് പരസ്പരം താങ്ങും തണലുമായി ടെന്‍ഷനില്ലാതെ ജീവിതം ആസ്വദിക്കാം.
ചെറുപ്പത്തിലേ വിവാഹം കഴിച്ചു, പ്രസവിച്ചു കുറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയത് കൊണ്ട് ഒരു കാര്യവും ഇല്ല. അല്ലെങ്കില്‍ തന്നെ ഇന്ത്യയില്‍ ജനസംഖ്യ കൂടുതലാണ്. ചെറിയ പ്രായത്തിലെ കല്യാണം കഴിച്ചാല്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ പാവം പെണ്‍കുട്ടികളുടെ തലയില്‍ വരുന്നു. പ്രസവ സംബന്ധമായ അസുഖങ്ങള്‍ ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. പ്രസവത്തിലൂടെ മരണം സംഭവിച്ചാല്‍, ഭര്‍ത്താവിന് വേറെ കല്യാണം കഴിക്കാം. നഷ്ടം യുവതികള്‍ക്ക് മാത്രമാണ്.
അതിനാല്‍ 21 എന്നല്ല, മതിയായ വിദ്യാഭ്യാസം നേടി ജോലി ആയിട്ടേ വിവാഹം കഴിക്കൂ എന്ന് ഓരോ പെണ്‍കുട്ടികളും വീട്ടുകാരോട് ഉറക്കെ പറയണം. ഈ നിയമം 100 ശതമാനം ഇന്ത്യയിലെ സ്ത്രീകളുടെ വിജയമാണ്. 18 വയസ്സ് തികയുമ്പോഴേക്ക് പെണ്മക്കളെ ഭാരമായി കരുതി വല്ലവന്റെയും തലയില്‍ കെട്ടി വെക്കുന്ന മാതാപിതാക്കളുടെ മുന്നില്‍ ഇനി കുറച്ചു കാലം കൂടി ഈ നിയമവും പറഞ്ഞു പിടിച്ചു നില്‍ക്കാം. യുവതികളുടെ വിവാഹ പ്രായം 21 ആക്കിയ കേന്ദ്ര സര്‍ക്കാറിന് അഭിനന്ദനങ്ങള്‍.
(വാല്‍കഷ്ണം … ഈ നിയമത്തില്‍ പ്രതിഷേധിച്ചു പണ്ട് ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് പോലെ, കേരളത്തിലെ ചിലര്‍ ‘വിവാഹ ഫെസ്റ്റ്’ നടത്തില്ല എന്ന് കരുതുന്നു.)’
Post Your Comments