പാട്ടെഴുത്തിന്റെ മഹാഗുരു പുല്ലൂറ്റ് പാടത്ത് ഭാസ്കരമേനോനാണ് ജില്ലയിലേക്ക് ആദ്യമായി ജെ.സി ഡാനിയേൽ പുരസ്കാരം കൊണ്ടുവന്നത്. കൊടുങ്ങല്ലൂർ നിവാസിയായ പി. ഭാസ്ക്കരൻ മാഷ് കലാരംഗത്ത് പ്രകടമാക്കിയ സമഗ്രസംഭാവനക്കാണ് 1994 ൽ സംസ്ഥാനം പുരസ്കാരം നൽകി ആദരിച്ചത്. ഭാസ്കരൻ മാഷുടെ രചനാസൗന്ദര്യം ഇന്നും ഒരു പ്രാണസഖിയായി നാളികേരത്തിന്റെ നാട്ടിൽ പുഷ്പിണിയായി ഒഴുകുകയാണ്.
വടക്കാഞ്ചേരിക്കാരനായ പ്രശസ്ത സംവിധായകൻ പാലിശ്ശേരി നാരായണമേനോനാണ് 2001 ൽ ജെ സി ഡാനിയേൽ പുരസ്കാരത്തിനർഹനായത്. ഓളവും, തീരവും എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് നവസിനിമയുടെ ശംഖനാദമുയർത്തിയ പി.എൻ. മേനോന്റെ ചലച്ചിത്ര മേഖലയിലെ സംഭാവനക്കാണ് പുരസ്കാരം.
തൃശ്ശൂർ അയ്യന്തോൾ സ്വദേശിയായ പുതാംപ്പിള്ളി രാമദാസിന് 2007ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 1955 ൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ന്യൂസ് പേപ്പർ ബോയ് എന്ന് ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് പി. രാമദാസ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.
13 വർഷങ്ങൾക്കുശേഷം 2021 ലെ ജെ സി ഡാനിയേൽ പുരസ്കാരം ഭാവഗായകൻ പാലിയത്ത് ജയചന്ദ്രനിലൂടെ ജില്ലയിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. കഴിഞ്ഞ പത്താം തീയതി ഗുരുവായൂരപ്പനെ തൊഴാൻ ജയചന്ദ്രൻ വന്നിരുന്നു. ഭഗവത് ദർശനത്തിനു ശേഷം പ്രസാദയൂട്ടിലും പങ്കെടുത്ത് ചെമ്പൈ സംഗീതോത്സവം അൽപ്പനേരം ആസ്വദിച്ചാണ് മടങ്ങിയത്. പിന്നെ തിരക്കിന്റെ ദിനങ്ങളായി. പൂത്തോളിലെ റെക്കോഡിങ്ങ് സ്റ്റൂഡിയോയിൽ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന സെക്ഷൻ 306 ഐ.പി.സി എന്ന സിനിമയിലെ ഗാനങ്ങൾ പാടാനെത്തിയിരുന്നു. യുഗ്മഗാനത്തിൽ അദ്ദേഹത്തോടൊപ്പം പാടിയത് ഇന്ദുലേഖ വാര്യരാണ്.
തിരുവാതിര നക്ഷത്രക്കാരനായ ജയേട്ടന്റെ ജനനം 1944 മാർച്ച് മൂന്നിനാണ്. മഞ്ഞലയിൽ മുങ്ങി തോർത്തി സുപ്രഭാത തേരിൽ നീലഗിരിയുടെ സഖികളുമായ് ഹർഷബാഷ്പം തൂകിയ ഭാവഗായകന് ഡിസംബർ 23ാം തിയ്യതി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും. ഇതെഴുതുന്ന എന്റേയും വീട്ടുപേര് ‘പി’ ആയത് (പാലക്കോട്ട് ബാബു ) യാദ്യശ്ചികം മാത്രം.
പി. ബാബു ഗുരുവായൂർ.
Post Your Comments