ഏറെ നാളുകൾക്ക് ശേഷം തിയേറ്റർ തുറന്നപ്പോൾ ആദ്യം റിലീസ് ആയ ചിത്രമാണ് കുറുപ്പ്. മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറിയ പടം ഇന്ന് മുതൽ ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ചിത്രം ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിർപ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ചിത്രം തിയേറ്ററില്‍ നിന്ന് ചിത്രം പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ഇവർ. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരവെ കുറുപ്പ് ഒടിടിക്ക് നല്‍കിയതിലാണ് ഫിയോക്ക് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
ഒടിടിയില്‍ സിനിമ വന്നാല്‍ പിന്നെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന നിലപാടാണ് ഫിയോക്ക് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഫിയോക്കിന്റെ കീഴിലുള്ള എല്ലാ തിയേറ്ററുകള്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഉടൻ തന്നെ ചിത്രം തിയേറ്ററിൽ നിന്നും പിൻവലിക്കുമെന്നാണ് സൂചന. കുറുപ്പിനെ കൂടാതെ, ഇനി ഒടിടിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ കാര്യത്തിലും ഫിയോക്ക് ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. 17നാണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഒ.ടി.ടി റിലീസ് എത്തിയാൽ മരക്കാരും തിയേറ്ററിൽ നിന്നും പിൻവലിക്കും.
ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ തിയേറ്ററിലും പ്രദര്‍ശനം തുടര്‍ന്നാണ് അത് വലിയ രീതിയില്‍ തിയേറ്ററുകള്‍ക്ക് നഷ്ടമുണ്ടാകുമെന്നാണ് ഫിയോക്ക് പറയുന്നത്. ഇതേ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഫിയോക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ ‘കുറുപ്പ്’ ചിത്രത്തിന് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച പ്രതികരണമായിരുന്നു ഇന്നലെ വരെ ലഭിച്ചത്. മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും ചിത്രം തകർത്തിരുന്നു. റിലീസ് ചെയ്ത് 4 ദിവസങ്ങൾക്കുള്ളിൽ സിനിമ 50 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
Post Your Comments