FestivalNEWS

പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

തിരുവനന്തപുരം : ആറു ദിവസം നീണ്ട പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്ര മേളക്ക് കൊടിയിറങ്ങിയപ്പോൾ ഹിന്ദി-മറാത്തി ചിത്രങ്ങളായ ‘മൈ മദേഴ്‌സ് ഗേള്‍ഫ്രണ്ട്’ (മാസ്യ ആയിച്ചി ഗേള്‍ഫ്രണ്ട്) മികച്ച കഥാചിത്രമായും, ‘അറ്റ് ഹോം വാക്കിങ്’ (ചലോ സഖാ ഉസ് ദേസ് മേം) മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി ഗുജറാത്തില്‍ നിന്നുള്ള ‘ടെസ്റ്റിമണി ഓഫ് അന’യാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാനും കെ.എന്‍. ബാലഗോപാലും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി ക്യാറ്റ്‌ഡോഗ് തിരഞ്ഞെടുക്കപ്പെട്ടു. കൗമാരങ്ങളുടെ സവിശേഷ ജീവിതം അടയാളപ്പെടുത്തിയ ചിത്രത്തിന്റെ സംവിധായിക അഷ്മിത ഗുഹയാണ്. ഈ വിഭാഗത്തില്‍ ‘സൈക്കിള്‍’ എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ‘ദി ലാസ്റ്റ് മാന്‍’ രണ്ടാം സ്ഥാനം നേടി. ദക്‌സിന്‍ കുമാര്‍ ബജ്‌റംഗി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹോം അഡ്രസ്സ്, വണ്‍സ് അപ്പോണ്‍ എ വില്ലേജ് എന്നീ ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മലയാള ചിത്രം ‘മാറ്റിവച്ച പങ്ക്’, ‘റാപ്പര്‍’ എന്നീ ചിത്രങ്ങള്‍ രണ്ടാമത്തെ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം പങ്കിട്ടു. ഈ വിഭാഗത്തില്‍ തന്നെ ‘കല്‍സുബൈ’ എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച കാമ്പസ് ചിത്രത്തിനുള്ള പുരസ്‌ക്കാരം മാക്മര്‍ സംവിധാനം ചെയ്ത ‘ബേണ്‍’, രാജ് ഗോവിന്ദ് സംവിധാനം ചെയ്ത ‘അണ്‍ സീന്‍ വോയ്‌സ്’ എന്നിവ പങ്കിട്ടു.

മേളയിലെ മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകന്‍ ആയി നിഖില്‍ എസ് പ്രവീണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ‘ഐസ് ഓണ്‍ ഫിംഗര്‍ടിപ്‌സ്’ എന്ന ചിത്രം ആണ് നിഖിലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ‘എ ബിഡ് ഫോര്‍ ബംഗാളി’ലൂടെ ഋതുപര്‍ണസാഹ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രസംയോജകനായി തിരഞ്ഞെടുക്കപ്പെട്ടു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ രഞ്ജന്‍ പാലിത്തിനു വേണ്ടി നാച്ചിമുത്തു ആണ് ഇത്തവണ ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

 

shortlink

Post Your Comments


Back to top button