‘എല്ലാ കാലത്തും തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇന്നുമൊരു മാറ്റമില്ല’: അഞ്ജു അരവിന്ദ്

വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമൊക്കെ സജീവ സാന്നിധ്യമായ നടിയും നര്‍ത്തകിയുമായ അഞ്ജു അരവിന്ദ് ചെറിയ ഇടവേളകളിലാണ് ഓരോ സിനിമകളും ചെയ്യുന്നത്. ഡാന്‍സും അഭിനയവും വ്‌ളോഗിംഗുമൊക്കെ ഒന്നിച്ച് കൊണ്ട് പോകുന്ന നടി സോഷ്യല്‍ മീഡിയ പേജില്‍ സജീവമായിരിക്കാറുള്ളത് കൊണ്ട് പലപ്പോഴും ആരാധകരുമായി സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് അഭിനയ ജീവിതത്തില്‍ ചെറിയ ഇടവേളകള്‍ വരുന്നതെന്നും, അത് മനഃപൂര്‍വം വരുന്നതല്ലെന്നുമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താരം പറയുന്നത്. മാത്രമല്ല എല്ലാ കാലത്തും തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇന്നുമൊരു മാറ്റമില്ലെന്ന് കൂടി അഞ്ജു സൂചിപ്പിച്ചിരുന്നു.

നടിയുടെ വാക്കുകള്‍

‘അന്നും ഇന്നും അഞ്ജു അരവിന്ദ് അഭിനയം നിര്‍ത്തി എന്ന തരത്തിലാണ് ഗോസിപ്പുകള്‍ വന്നിരുന്നത്. വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയോ? എന്ന് ഏതു ലൊക്കേഷനില്‍ ചെന്നാലും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്.

ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്. കാരണം ഞാനിതു വരെ അഭിനയം നിര്‍ത്തിയിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാറില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ട് മാത്രമാണ് അഭിനയത്തില്‍ ഇടവേള വരുന്നത്.

അഭിനേതാവ് എന്ന നിലയില്‍ നമ്മളെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ വന്നാലല്ലേ കാര്യമുള്ളൂ. അത്തരം കഥാപാത്രങ്ങള്‍ തേടി എത്താത് കൊണ്ടാണ് അഭിനയ ജീവിതത്തില്‍ ചെറുതല്ലാത്ത ഇടവേള വന്നത്. അല്ലാതെ അഭിനയം നിര്‍ത്തിയത് കൊണ്ടല്ല’.

Share
Leave a Comment