പ്രശസ്ത ബ്ലോഗറും കലാസംവിധായകനുമായ അനില്‍ കുമ്പഴ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു സൈക്കോ ത്രില്ലര്‍ ചിത്രമാണ് പള്ളിമണി. ശ്വേതാ മേനോന്‍, നിത്യാദാസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നിത്യാദാസ് 14 വര്‍ഷത്തിനു ശേഷം നായികാ പദവിയിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളിയുടെ രീതിയിൽ അരക്കോടി രൂപ ചെലവിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പടുകൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ വഴിതെറ്റി എത്തുന്ന ഒരു കുടുംബം ഈ പള്ളിയില്‍ വന്നുചേരുകയും ഒരു രാത്രി അവിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളും പറയുന്ന ചിത്രം ഒരു ഹൊറര്‍ മോഡലിലാണ് ഒരുക്കിയിരിക്കുന്നത്.
ആരാധനയൊന്നും ഇല്ലാതെ കാടുപിടിച്ചു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയിലാണ് ചിത്രത്തിന്റെ പ്രധാന കഥാഭാഗങ്ങള്‍ നടക്കുന്നത്. ഇതിനായാണ് അരക്കോടി ചെലവിട്ട് കൂറ്റന്‍ സെറ്റൊരുക്കിയിരിക്കുന്നത്. സജീഷ് താമരശ്ശേരിയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ 40ഓളം കലാകാരന്‍മാര്‍ 17 ദിവസം കൊണ്ടാണ് ഈ കൂറ്റന്‍ സെറ്റൊരുക്കിയത്. പള്ളിയുടെ അകത്തളം ചിത്രാഞ്ജലി സ്റ്റുഡിയോ ഫ്‌ളോറിലും പുറംവശം സ്റ്റുഡിയോക്കു പുറത്തുമായാണ് ഒരുക്കിയിരിക്കുന്നത്.
നേരത്തെ കൂറ്റന്‍ സെറ്റ് ചിത്രാഞ്ജലിയില്‍ ഒരുക്കിയത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിക്കു വേണ്ടിയായിരുന്നു. എന്നാല്‍ ഇത്രയും വലിയ ബജറ്റില്‍ ചിത്രാഞ്ജലിയില്‍ സെറ്റൊരുങ്ങുന്നത് ഇതാദ്യമായാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച ചിത്രാഞ്ജലിയില്‍ ആരംഭിച്ചു. അതിനു മുന്നോടിയായി പൂജയും നടന്നു. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ഏറെ നിഗൂഡതകള്‍ നിറഞ്ഞ സിനിമയാണ് പള്ളിമണി. പള്ളിയുടെ ഓരോ ഇടനാഴിയിലും സംവിധായകന്‍ സസ്‌പെന്‍സ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ശ്വാസം അടക്കിയിരുന്നു കാണാവുന്ന ഒരു സിനിമയായിരിക്കും പള്ളിമണി എന്നതില്‍ സംശയം വേണ്ട.
Post Your Comments