കേരളത്തിൽ നിന്നുള്ള പുതിയ ഒ ടി ടി പ്ലാറ്റ്‌ഫോമായ എംടാക്കി ലോഞ്ച് ചെയ്തു. 2019-ൽ ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യൻ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ‘കോളാമ്പി’ എന്ന ചിത്രം സ്ട്രീം ചെയ്തുകൊണ്ടാണ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകൾക്ക് അർഹമായ ഇടവും ദൃശ്യപരതയും നൽകാൻ ലക്ഷ്യമിടുന്ന ഒരു പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമാണ് എം ടാക്കി. അന്തർദേശീയ നിലവാരവുമായി കിടപിടിക്കുന്ന ഈ പ്ലാറ്റ് ഫോം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് പ്രാദേശിക സിനിമകളെ എത്തിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, സിനിമകൾക്ക് ഉയർന്ന സുരക്ഷ നൽകുന്നതിനും തടസ്സമില്ലാത്ത സ്ട്രീമിംഗ് ഉറപ്പാക്കുന്നതിനും എം ടാക്കിക്ക് വളരെ ശക്തമായ ഒരു സാങ്കേതിക ടീം ഉണ്ട്.
സാങ്കേതികതയിലും സിനിമയുടെ ഉള്ളടക്കത്തിലും ഉയർന്ന നിലവാരമുള്ള ഈ പ്ലാറ്റ്‌ഫോമിന് ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി മികച്ച ഒരു ലോഞ്ച് സിനിമ തന്നെയാണ്. ഒരു കുടുംബചിത്രമായ കോളാമ്പിയിൽ ക്യാമറക്ക് പിന്നിലും മുന്നിലും നിരവധി പ്രതിഭകൾ അണിനിരന്നിട്ടുണ്ട്. രഞ്ജി പണിക്കർ, നിത്യ മേനോൻ, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാർ, പരേതനായ പി ബാലചന്ദ്രൻ, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാർത്ഥ് മേനോൻ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയിൽ ഉള്ളത്.
നിർമ്മാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് കോളാമ്പി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും, തിരക്കഥ കെ എം വേണുഗോപാലും നിർവഹിച്ചിരിക്കുന്നു. രവി വർമ്മൻ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു.
അജയ് കുളിയൂർ എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ആണ്. സംഗീതം രമേഷ് നാരായണനും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് റാസി മുഹമ്മദുമാണ്. വി പുരുഷോത്തമൻ, ഷൈനി ബെഞ്ചമിൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ, വാർത്താ പ്രചരണം : പ്രതീഷ് ശേഖർ
Post Your Comments