GeneralLatest NewsNEWS

സ്ത്രീ എഴുത്തുകാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി അജീഷ് ദാസന്‍

ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമെന്ന് സ്ത്രീ കവികള്‍

കേരളത്തില്‍ നിലവിലുള്ള പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളല്ലെന്ന വിവാദ പരാമര്‍ശം നടത്തി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍. നല്ല എഴുത്ത് എഴുതുന്ന പെണ്‍കവികളില്‍ പലരും വലിയ എഴുത്തുകാരാക്കാമെന്ന ആണ്‍കവികളുടെ വാഗ്ദാനങ്ങളില്‍ വീണ് നശിക്കുകയാണെന്നാണ് അജീഷ് ദാസന്റെ പരാമര്‍ശം. വൈക്കം പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ നടന്ന മീരബെന്നിന്റെ പെണ്‍മൊണോലോഗുകള്‍ എന്ന ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അജീഷിന്റെ വിവാദ പ്രസ്താവന.

‘കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാല്‍ തന്നെ ഇവിടുത്തെ പ്രമുഖ ആണ്‍കവികള്‍ ഉടനെ അവരുടെ ഇന്‍ബോക്സില്‍ ചെല്ലുകയായി.

പിന്നെ അവരെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെണ്‍ കവികള്‍ ഇവിടെ ഇല്ലാതാകുന്നു. പ്രമുഖ ആണ്‍കവികളുടെ ഇന്‍ബോക്സ് പ്രോത്സാഹനങ്ങളില്‍ വീഴുന്ന കവികള്‍ പിന്നീട് അവര്‍ പറയും പ്രകാരം മാത്രമേ പ്രവര്‍ത്തിക്കുന്നു’- അജീഷ് ദാസ് പറഞ്ഞു.

അജീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അജീഷ് ദാസന്‍ നടത്തിയ പ്രസ്താവനയെന്ന് സ്ത്രീ കവികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button