തെലുങ്ക് സിനിമയുടെ സിരാകേന്ദ്രമായ ഹൈദരാബാദില്‍ നിത്യേനയെന്നോണം സിനിമാ പ്രൊമോഷന്‍ ചടങ്ങുകളും പ്രസ് മീറ്റുകളും സംഘടിപ്പിക്കപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് ബാഹുബലി സീരീസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ പ്രസ് മീറ്റ് മാറ്റിവച്ചു എന്ന വാർത്തയാണ്. തെലുങ്കിലെ യുവ സൂപ്പര്‍ താരങ്ങളായ രാം ചരണ്‍ തേജയുടെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ആരാധകരുടെ തള്ളിക്കയറ്റം കാരണമാണ് പ്രസ് മീറ്റ് മാറ്റി വച്ചതെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിലെ ഒരു മള്‍ട്ടി പ്ളക്സില്‍ കഴിഞ്ഞ ദിവസമാണ് പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നത്.
ഇതാദ്യമായാണ് ഒരു സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങളുടെ ആരാധകരുടെ തള്ളിക്കയറ്റം കാരണം ഇത്തരത്തില്‍ ഒരു ചടങ്ങ് മാറ്റിവയ്ക്കപ്പെടുന്നത്. ആര്‍.ആര്‍. ആറിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് രാം ചരണ്‍ തേജയുടെയും ജൂനിയര്‍ എന്‍.ടി. ആറിന്റെയും ആരാധകരെ ചടങ്ങിന് ക്ഷണിച്ചതെന്ന് പറയപ്പെടുന്നു.
ഇഷ്ടതാരങ്ങളെ തൊട്ടടുത്ത് കാണാന്‍ ആരാധകര്‍ ആവേശത്തോടെ തള്ളിക്കയറിയതോടെ പ്രസ് മീറ്റിലെ തിരക്ക് നിയന്ത്രണാതീതമായി. തുടര്‍ന്ന് സംവിധായകന്‍ രാജമൗലിയും നിര്‍മ്മാതാവ് ഡി.വി.വി ധനയ്യയും ചേര്‍ന്ന് പ്രസ് മീറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവിചാരിതമായുണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമ ചോദിച്ച രാജമൗലി ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കാണാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
രാം ചരണ്‍ തേജയ്ക്കും ജൂനിയര്‍ എന്‍.ടി. ആറിനും ഒപ്പം അജയ്‌ദേവ്‌ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രം ജനുവരി ഏഴിനാണ് ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലര്‍ യൂ ട്യൂബില്‍ ട്രെന്‍ഡിംഗാണ്. തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം റിലീസ് ചെയ്യുന്നുണ്ട്.
Post Your Comments