ഒരു സിനിമ സെറ്റില്‍ നടന്ന രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് മുകേഷ് സ്പിക്കീംഗ് എന്ന യൂട്യൂബ് ചാനലിലൂടെ. പാട്ടുകള്‍ എഴുതുമെന്നും അതിന് താന്‍ തന്നെ ഈണിട്ട് പാടാറുണ്ടെന്നും പറഞ്ഞ് നടി ഉര്‍വശിയെ പറ്റിച്ച കഥയാണ് മുകേഷ് പറഞ്ഞത്. പിന്നീട് കള്ളം പൊളിഞ്ഞുവെന്നും താരം പറയുന്നു. നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന സംഭവമാണ് മുകേഷ് പങ്കുവെക്കുന്നത്.
മുകേഷിന്റെ വാക്കുകള്‍:
‘ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിംഗ്. വിജി തമ്പിയാണ് ഡയറക്ടര്‍. ഷൂട്ടിംഗിനായി രാവിലെ ചെന്നപ്പോള്‍ ജയറാമിന്റേയും ഉര്‍വശിയുടേയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ഷോര്‍ട്ട് എടുക്കാന്‍ കുറച്ച് കൂടി നേരം പിടിക്കും. അടുത്തുള്ള വീടിന്റെ ഒരു വശത്ത് ഏറുമാടം പോലെയൊരു സ്ഥലമുണ്ട്.
അപ്പുറത്തായി ഷോര്‍ട്ടിന് റെഡിയായി മേക്ക് അപ്പ് ഒക്കെയിട്ട് ഉര്‍വശിയുമിരിപ്പുണ്ട്. ഉര്‍വശി എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു. ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച് ഞാന്‍ അവിടിരുന്ന ഒരു പേപ്പറില്‍ എന്തൊക്കയോ ഗൗരവമായി എഴുതുന്നതായി കാണിച്ചു. അത് കണ്ട് ഉര്‍വശി ഞാനെന്താണ് എഴുതുന്നത് എന്ന ആകാംക്ഷയോടെ അവിടേക്ക് വന്നു.
‘മുകേഷേട്ടന്‍ എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ, അങ്ങനെയാണേല്‍ ഇങ്ങേരെ വെറുതേ വിടാന്‍ പറ്റില്ലല്ലോ’ എന്നൊക്കെ ഉര്‍വശി ചിന്തിക്കുന്നത് എനിക്ക് ഇവിടിരുന്നു ഊഹിക്കാന്‍ പറ്റും. ഊര്‍വശി എഴുന്നേറ്റ് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്റെ പുറകില്‍ വന്നു എഴുതുന്നത് നോക്കി. ഞാനെഴുതിയത് ‘തിരുനെല്ലിക്കാട് പൂത്തു തിന തിന്നാന്‍ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം കരിവളയും ചാന്തും വാങ്ങി തിരിയെ ഞാന്‍ കുടിലിലാക്കാം’ എന്നായിരുന്നു.
യഥാര്‍ത്ഥത്തില്‍ ജോഷി സംവിധാനം ചെയ്യുന്ന ദിനരാത്രങ്ങള്‍ എന്ന സിനിമയിലും ഞാന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ പാര്‍വതിയുമൊത്തുള്ള പാട്ടില്‍ ഞാന്‍ പാടുന്ന വരികളാണ് ഇത്. എന്നാല്‍ ഇത് ഉര്‍വശിയ്ക്ക് അറിയില്ലായിരുന്നു. ‘ഉര്‍വശി ആ പേപ്പര്‍ വലിച്ചെടുത്തു. അതെടുക്കരുതെന്ന് ഞാന്‍ പറഞ്ഞു. എന്താണ് മുകേഷേട്ടന്‍ എഴുതുന്നത് എന്ന് ഉര്‍വശി ചോദിച്ചു.
ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു. ‘മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. നമുക്ക് പല കഴിവുകളുണ്ട്. ചിലര്‍ക്ക് സ്പോര്‍ട്‌സ്, ചിലര്‍ക്ക് കഥ, ചിലര്‍ക്ക് കവിത. ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ട്.’ ഉര്‍വശി എന്റെ തന്ത്രത്തില്‍പ്പെട്ടുവെന്ന് മനസിലായതോടെ ഞാന്‍ ഇതിന് ട്യൂണിടാറുമുണ്ടെന്നും പറഞ്ഞു. ഇതോടെ ഉര്‍വശിയെ പാട്ട് പാടി കേള്‍പ്പിച്ചു. ‘എന്റെ ദൈവമേ ഇത് എന്തൊരു കഴിവാണ്. മുകേഷേട്ടന്‍ ഇത് കളയരുത്. അടുത്ത സിനിമയിലെ എന്റെ ഡയറക്ടറുടെ അടുത്ത് പറയാന്‍ പോവുകയാണ്. പാട്ടെഴുതുന്നതും മുകേഷേട്ടന്‍ സംഗീതം നല്‍കുന്നതും മുകേഷേട്ടന്‍’.
‘അതൊന്നും വേണ്ട മനുഷ്യനെ നാണം കെടുത്തരുത് എന്ന് ഞാന്‍ പറഞ്ഞു. ഒന്നും പറയണ്ട, നമ്മള്‍ ടാലന്റിനെ അംഗീകരിക്കണം. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്ന പറഞ്ഞ് ഊര്‍വശി ഷോര്‍ട്ടെടുക്കാന്‍ നടന്നു പോയിട്ടുണ്ട്. പിന്നെ എപ്പോഴേലും ഈ കുസൃതി തിരുത്താമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അതിനു ശേഷം ഉര്‍വശിയെ കാണാന്‍ പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദിനരാത്രങ്ങള്‍ റിലീസ് ചെയ്തു.
ആലപ്പുഴയിലെ തിയേറ്ററിലും റിലീസ് ഉണ്ട്. ഇവരെല്ലാം കൂടെ പ്ലാന്‍ ചെയ്ത് സെക്കന്‍ഡ് ഷോയ്ക്ക് തന്നെ പോയി. ഞാനാണെങ്കില്‍ ഉര്‍വശിയോട് പറഞ്ഞതെല്ലാം മറന്നു പോയിരുന്നു. സിനിമ കണ്ടതിന്റെ പിറ്റേന്ന് ഊര്‍വശി വന്നു. തിരുനെല്ലി കാടു പൂത്തൂ അയ്യട സംഗീത സംവിധായകന്‍, പാട്ട്, എന്തൊരു ആക്ടിങ്ങ് ആരുന്നു. ഇനി ഞാന്‍ ലൈഫില്‍ വിശ്വസിക്കില്ല എന്നും പറഞ്ഞ് ഊര്‍വശി നടന്നു നീങ്ങി, ഞാന്‍ പൊട്ടിച്ചിരിച്ചു.’
Post Your Comments