കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു. ഇപ്പോൾ മരക്കാര്‍ സിനിമ കണ്ട ശേഷം അഭിനന്ദിച്ച് മോഹന്‍ലാലിനും പ്രിയദര്‍ശനും വോയ്സ് മെസേജ് അയച്ചിരിക്കയാണ് അദ്ദേഹം.
97 വയസ്സായ ആർട്ടിസ്റ്റ് നമ്പൂതിരി പതിറ്റാണ്ടുകളായി തിയറ്ററിൽ പോയി സിനിമ കാണാറില്ലായിരുന്നു. എന്നാൽ ‘മരക്കാർ’ തിയറ്ററിൽതന്നെ കാണണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. മകൻ ദേവനൊപ്പം എടപ്പാളിലെ തിയറ്ററിലെത്തി സിനിമ കണ്ടു. പോസ്റ്ററിനൊപ്പം നിന്ന് ഒരു ഫോട്ടോയും എടുത്തു.
‘മരക്കാര്‍ സിനിമ കണ്ടു. അതി ഗംഭീരം. അതിലപ്പുറം പറയാനില്ല.എല്ലാ നന്മകളും നേരുന്നു. സുഖമായിരിക്കുന്നതില്‍ സന്തോഷം’ എന്നായിരുന്നു നമ്പൂതിരി പറഞ്ഞത്. ‘തന്നെ അനുഗ്രഹിച്ചതില്‍ മനസു നിറയുന്നു. കാലുകളിൽ വീണു സന്തോഷം പ്രകടിപ്പിക്കുന്നു, അനുഗ്രഹം വാങ്ങിക്കുന്നു. ഒരുപാട് സന്തോഷം സർ ‘ എന്നായിരുന്നു ലാലിന്റെ മറുപടി.
‘എന്റെയൊക്കെ വായനയുടെ യൗവ്വനകാലത്ത് മനസിലെ സങ്കൽപ്പങ്ങൾക്ക് ദൃശ്യരൂപം നൽകിയ ആളാണ് ആര്ടിസ്റ് നമ്പൂതിരി സാർ. തന്റെ തൊണ്ണൂറ്റിയേഴാം വയസ്സിൽ അദ്ദേഹം തീയേറ്ററിൽ പോയി സിനിമ കണ്ടിട്ട് പറഞ്ഞ വാക്കുകൾ അത് ഏറ്റവും വലിയ സന്തോഷമായി ഞങ്ങൾക്ക്. വലിയ മനസ്സുകൾ നല്ല വാക്കുകൾ പറയുമ്പോൾ അത് പ്രോത്സാഹനം മാത്രമല്ല അനുഗ്രഹം കൂടിയാണ്’- പ്രിയദർശൻ പറഞ്ഞു.
Post Your Comments