അണ്ണാത്തെ സിനിമയിൽ രജനീകാന്തിന് വേണ്ടി എന്ന സൂപ്പർഹിറ്റ് ഡാൻസ് നമ്പറിന് വരികൾ എഴുതിയ വിവേകയും ‘വാ സാമി’ എന്ന സൂപ്പർഹിറ്റ് ഗാനം എഴുതിയ അരുൺ ഭാരതിയും ആദ്യമായി ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഗാനരചയിതാക്കളാകുന്നു. എം എഫ് ഹുസൈന്റെ അസോസിയേറ്റ് ആയിരുന്ന മനോജ് കെ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഫ്രീസർ നമ്പർ 18’ എന്ന മലയാള സിനിമയിലെ രണ്ട് തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതുവാനാണ് വിവേകയും അരുൺ ഭാരതിയും കൊച്ചിയിലെത്തിയത്.
‘ഫ്രീസർ നമ്പർ 18′ എന്ന സിനിമയിൽ പ്രത്യാശ പ്രമേയമാക്കി സന്ദേശ് പീറ്റർ ചിട്ടപ്പെടുത്തിയ ഒരു ചടുലഗാനത്തിനാണ് വിവേക വരികൾ എഴുതിയിട്ടുള്ളത്. ശങ്കർ മഹാദേവനും സിത്താര കൃഷ്ണകുമാറുമാണ് ഈ ഗാനം ആലപിക്കുന്നത്. ഒരു വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ സുനിൽകുമാർ പി.കെ സംഗീത സംവിധാനം ചെയ്തിട്ടുള്ള ഒരു പവർപാക്ക്ഡ് ഗാനത്തിനാണ് അരുൺ ഭാരതി വരികൾ എഴുതിയിരിക്കുന്നത്. ഈ ഗാനം ആലപിക്കുന്നത് ഹരിചരണും എംവി മഹാലിംഗവും ജ്യോത്സ്നയും ചേർന്നാണ്.
1999-ൽ തമിഴ്സിനിമാരംഗത്ത് ഗാനരചയിതാവായി തുടക്കം കുറിച്ച വിവേക,’അണ്ണാ’ത്തെ അണ്ണാത്തെ’ കൂടാതെ ‘എക്സ്ക്യൂസ്മീ മിസ്റ്റർ കന്തസാമി’, ‘എൻ പേരു മീനാകുമാരി’, ‘ജുംഗുനുമണി, ‘ഡാഡി മമ്മി വീട്ടിലില്ല’ തുടങ്ങി ഹിറ്റ് ഗാനങ്ങളടക്കം 2500-ൽ പരം തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്.
‘വാ സാമി’ കൂടാതെ നാഗ നാഗ, മീശ വെച്ച വേട്ടക്കാരൻ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പ്രതിഭയാണ് അരുൺ ഭാരതി. കേരള സിലബസിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അരുൺ ഭാരതിയുടെ കവിതയായ ‘ഈമ കലയം’ എന്ന കവിത പാഠ്യവിഷയമാണ്.
ഷാസ് എന്റർടെയ്ൻമെന്റ്സ്, ഇന്ത്യ എലമെന്റ്സുമായി സഹകരിച്ച് ഷഫ്റീൻ സിപി നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് ഗാനങ്ങളാണുള്ളത്. മൂന്നാമത്തേത് മലയാളഗാനം തന്നെയാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സുനിൽകുമാർ തന്നെയാണ്. ഈ ഗാനത്തിന്റെ രചയിതാവിനെ ഗായകരെയും ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ സംവിധായകനായ മനോജ് പറഞ്ഞു.
Post Your Comments