മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം. നിര്‍മ്മാണ രംഗത്താണ് പാതിമലയാളിയായ ജോണ്‍ എബ്രഹാമിന്റെ അരങ്ങേറ്റം. നവാഗതാനായ രഞ്ജിത്ത് സജീവന്, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോണ്‍ എബ്രഹാമിന്റെ മലയാളത്തിലെ ആദ്യ സംരംഭം.
വിഷ്ണു ശിവപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൈക്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ജോണ്‍ എബ്രഹാം പുറത്തിറക്കി. ജോണ്‍ എബ്രഹാമിന്റെ ജെ.എ എന്റര്ടൈന്മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ലോഞ്ചില്‍ ജോണ്‍ എബ്രഹാമിനോടൊപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
അനശ്വരയും രഞ്ജിത്തും ഉള്‍പ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ജെ.എ എന്റര്ടൈന്മെന്റ്സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ബോളിവുഡില്‍ വിക്കി ഡോണര്‍, മദ്രാസ് കഫെ, പരമാണു, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ജോണ്‍ എബ്രഹാമിന്റെ പ്രൊഡക്ഷന്‍ ഹൗസായിരുന്നു.
ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം, സിനി എബ്രഹാം തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ആഷിക് അക്ബറിന്റേതാണ് കഥ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാവുന്നത്. അഞ്ചു സുന്ദരികള്‍, സിഐഎ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഷൈലോക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ദേശീയ പുരസ്കാര ജേതാവും ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് , അന്‍വര്‍, ഒരു കാല് ഒരു കണ്ണാടി, മരിയാന്, രജ്നി മുരുകന്, പേട്ട, എസ്ര തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് കൈകാര്യം ചെയ്ത വിവേക് ഹര്‍ഷനാണ് മൈക്കിന്റെയും എഡിറ്റര്‍.
രഥന് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. രഞ്ജിത് കൊതേരിയുടേതാണ് കലാസംവിധാനം. മേക്കപ്പ് റോണെക്സ് സേവിയര്‍. വസ്ത്രാലങ്കാരം സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി.ജെ, ബിനു മുരളി എന്നിവര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്. മൈക്കിന്റെ ചിത്രീകരണം കേരളത്തിന്റെ അകത്തും പുറത്തുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Post Your Comments