ധാരാളം പ്രതിസന്ധികളെ തരണം ചെയ്താണ് അമിതാഭ് ബച്ചൻ ബിഗ് ബി എന്ന പദവിയില്‍ എത്തിയത്. ഇപ്പോഴിതാ തന്റെ പിതാവ് അനുഭവിച്ച കഷ്ടപ്പാടുകൾ വെളിപ്പെടുത്തുകയാണ് അഭിഷേക് ബച്ചൻ. ഭക്ഷണം കഴിക്കാന്‍ പോലും കൈയ്യില്‍ പണമില്ലാത്ത കാലം ഉണ്ടായിരുന്നെന്നും ആ സമയത്ത് സ്റ്റാഫിന്റെ കൈയ്യില്‍ നിന്നും കടം വാങ്ങി എല്ലാവര്‍ക്കുമുള്ള ഭക്ഷണത്തിന് വക കണ്ടെത്തിയതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അഭിഷേക് ബച്ചന്‍. താൻ ബോസ്റ്റണില്‍ അഭിനയം പഠിക്കുന്ന കാലത്ത് അമിതാഭ് ബച്ചന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി മനസിലാക്കിയെന്നും, തുടര്‍ന്ന് കുടുംബത്തിന് സഹായമാകാനായി ഇന്ത്യയിലേക്ക് തിരിച്ച് വന്നു എന്ന കാര്യങ്ങൾ പറഞ്ഞപ്പോഴാണ് അമിതാഭ് ബച്ചന്‍ കടന്നുവന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അഭിഷേക് വാചാലനായത്.
അഭിഷേകിന്റെ വാക്കുകൾ :
‘കോളജില്‍ നിന്ന് ഞാന്‍ അച്ഛനെ വിളിച്ചു. കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഒരു മകനെന്ന നിലയില്‍ ആ സമയത്ത് എന്റെ പിതാവിനൊപ്പം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. ധാര്‍മിക പിന്തുണ നല്‍കണമെന്ന് തോന്നി.
എന്റെ പിതാവിന് ഭക്ഷണം കഴിക്കാന്‍ പോലും പണം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലിക്കാരില്‍ നിന്ന് പണം കടം വാങ്ങിയാണ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയത്. ധാര്‍മികമായി അദ്ദേഹത്തോടൊപ്പമുണ്ടാകാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് അന്ന് എനിക്ക് തോന്നി. ഞാന്‍ പഠനം നിര്‍ത്തി വരികയാണെന്നും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ മനസിലായിട്ടും ബോസ്റ്റണില്‍ തന്നെ തുടരാന്‍ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞു.
പണം കൊണ്ട് സഹായിക്കാന്‍ കഴിയില്ലെങ്കിലും അച്ഛന് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാനായിരുന്നു അന്ന് ഞാന്‍ തീരുമാനിച്ചത്’- അഭിഷേക് ബച്ചന്‍ പറഞ്ഞു.
Post Your Comments