ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി, ഒരുങ്ങുന്ന ‘അജഗജാന്തരം’. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഇപ്പോഴിതാ, സിനിമയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ക്യുവുമായുള്ള അഭിമുഖത്തില്‍ സംവിധായകന് ടിനു പാപ്പച്ചന്.
‘ഒരു പ്ലോട്ടിലൂടെ തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. അതേസമയം സര്പ്രൈസിംഗായ എലമെന്റുകളും സിനിമയിലുണ്ട്. പിന്നെ അടുത്തത് എന്താണ് നടക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ തീര്‍ച്ചയായും പ്രേക്ഷകന് ലഭിക്കും. സിനിമയുടെ അവസാന ഭാഗത്ത് ചെറിയൊരു സര്‍പ്രൈസ് എലമെന്റൊക്കെയുണ്ട്. അതെല്ലാം തന്നെ സിനിമയുടെ കഥാഗതിയുമായി ചേര്‍ന്ന് സഞ്ചരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതേസമയം ട്വിസ്റ്റുകള്‍ ഒന്നുമില്ല. കാരണം സിനിമ സസ്പെന്‍സ് ത്രില്ലറല്ല. ആക്ഷന്‍ ത്രില്ലറാണ്’.
അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലാസും, വിനീത് വിശ്വവും ആണ്.
Post Your Comments