InterviewsLatest NewsNEWS

‘ഒടിടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ല, അത് പുതിയ കാഴ്ചാ സംസ്കാരം സൃഷ്ടിച്ചു’- സംവിധായകൻ കമല്‍

ഒടിടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്നും അതൊരു പുതിയ കാഴ്ചാ സംസ്കാരം സൃഷ്ടിച്ചെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.

കമലിന്റെ വാക്കുകൾ:

‘ഒടിടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ല. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സാധ്യത ഒടിടി തുറന്നിട്ടു. അതൊരു പുതിയ കാഴ്ചാ സംസ്കാരം സൃഷ്ടിച്ചു.

മരക്കാറിനെതിരായ ഡീഗ്രേഡിങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണ്. നേരത്തെ തിയറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണ്. ഒരു സിനിമക്കെതിരെ മാത്രമല്ല ചുരുളി വന്നപ്പോഴും വേറെ രീതിയിലുള്ള പ്രചരണം വന്നിരുന്നു. ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിലേക്ക് മാറ്റിയത് മരക്കാറിന്‍റെ റിലീസിനെ പേടിച്ചല്ല. ഐ.എഫ്.എഫ്.കെയെക്കുറിച്ച്‌ അറിയാവുന്നവര്‍ അങ്ങനെ പറയില്ല. 26ാമത്തെ ചലച്ചിത്ര മേളയാണ് വരാന്‍ പോകുന്നത്. എല്ലാ വര്‍ഷവും ഡിസംബറിലാണ് മേള നടക്കുന്നത്. ഇതിനു മുന്‍പും സൂപ്പര്‍താരങ്ങളുടെ വലിയ റിലീസുകള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയില്‍ ഐ.എഫ്.എഫ്.കെ നടത്തിയിട്ടുണ്ട്. മരക്കാര്‍ വലിയ സിനിമ തന്നെയാണ്. എന്നാല്‍ ഐ.എഫ്.എഫ്.കെയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയല്ല. സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് അത്’.

shortlink

Related Articles

Post Your Comments


Back to top button