ജോര്‍ജ്ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജുകട്ടി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി വന്നയാളാണ് ഹരിദാസ്. പിന്നീട് കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂര്‍, ഊട്ടിപട്ടണം തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തുവന്നു. ഇപ്പോളിതാ രഞ്ജിത്ത് തിരക്കഥയൊരുക്കി ഐ.വി ശശി സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊനായ ദേവാസുരം താനായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നതെന്നും, മോഹന്‍ലാലിന്റെ കരിയറിലെ നിര്‍ണ്ണായക വഴിത്തിരിവുമായ ദേവാസുരത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നത് എന്നും വെളിപ്പെടുത്തുകയാണ് ഹരിദാസ്. മാസറ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹരിദാസ് ദേവാസുരത്തെ പറ്റി പറഞ്ഞത്.
‘ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. മോഹന്‍ലാലല്ല, മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. ദേവാസുരം പിന്നീട് മുരളിയെ വെച്ച് ആലോചിച്ചു, അതും നടന്നില്ല.
ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പിന്നീടാകാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ പിന്നീട് ഒന്നിച്ച് സിനിമ ചെയ്തെങ്കിലും അത് ഞാന്‍ ചോദിക്കാന്‍ പോയില്ല. പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു. ദേവാസുരം ഐ വി ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല.
ദേവാസുരം ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശ ഇപ്പോഴുമുണ്ട്. ലാലേട്ടനെ വെച്ച് ഒരു മാസ് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ഇപ്പോഴും കഥ കേട്ടുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ഒരുപാട് കാത്തിരിപ്പുകളുണ്ടാവും’- ഹരിദാസ് പറഞ്ഞു.
Post Your Comments