സംവിധായകന് പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും അഭിനന്ദിച്ചു കൊണ്ട് നടൻ വിനീത്. മരക്കാർ ചിത്രത്തില്‍ നടന് അര്ജുന് സര്‍ജ അവതരിപ്പിച്ച അനന്തന് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് വിനീതായിരുന്നു. കുഞ്ഞാലി മരക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടുവെന്ന് പറഞ്ഞ വിനീത്, മരക്കാരിന്റെ മുഴുവന്‍ ടീമിനേയും അഭിനന്ദിക്കുകയും പ്രണവ് മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റേയും അഭിനയം പ്രത്യേകം എടുത്തു പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘കുഞ്ഞാലി മരയ്ക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടു. മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ പ്രിയേട്ടനും ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും മിടുക്കരായ അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും അവരുടെ അവിശ്വസനീയമായ ടീം വര്‍ക്കിന് എന്റെ സല്യൂട്ട്.
ആദ്യ ഫ്രെയിമില്‍ നിന്ന് സംവിധായകന് നിങ്ങളെ കുഞ്ഞാലിയുടെ മാന്ത്രിക കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. തന്റെ ഇതിഹാസമായ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച തന്റെ നിഷ്കളങ്കതയോടും ചരിത്രനിഷ്ഠയോടും കൂടി പ്രണവിനെ കാണുന്നത് വളരെ സന്തോഷകരമാണ്. ആ പാരമ്പര്യം തുടരുകയാണ്. പകരം വയ്ക്കാനില്ലാത്ത നെടുമുടി വേണുച്ചേട്ടനെ സാമൂതിരി രാജാവായി കാണുന്ന കാഴ്ചയാണ് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വൈകാരിക നിമിഷം.
ഗാനചിത്രീകരണത്തില്‍ പ്രിയേട്ടന് എന്നും ഒരു മാസ്റ്ററായതു കൊണ്ടുതന്നെ, ഗംഭീരമായ വിഷ്വലുകളോടു കൂടിയ ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഉന്മേഷകരമായിരുന്നു. നടന് അര്ജുന് അവതരിപ്പിച്ച അനന്തന് എന്ന കഥാപാത്രത്തിന് എളിയ രീതിയില്‍ ശബ്ദം നല്കി ഈ അഭിമാനകരമായ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുഴുവന്‍ മരയ്ക്കാര്‍ ടീമിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂ.’
Post Your Comments