ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ റിലീസിനൊരുങ്ങുകയാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ടിനു തന്റെ സിനിമയിൽ പറയുന്നത്. ഇപ്പോഴിതാ, സംവിധായകന് ടിനു പാപ്പച്ചന് സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്. ഷൂട്ടിങ്ങിന് മുമ്പ് ആന വലിയൊരു പ്രശ്നമായി തോന്നിയില്ലെന്നും പക്ഷെ, ആന സെറ്റിൽ എത്തിയപ്പോൾ അതിനോട് എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ടിനു ക്യുവുമായുള്ള അഭിമുഖത്തില്‍ പറയുന്നു.
‘ആനയുമായുള്ള ഷൂട്ട് വലിയൊരു ടാസ്കായിരുന്നു. എന്തൊക്കെ പറഞ്ഞാലും ആന ഒരു വന്യജീവി തന്നെയാണ്. ഷൂട്ടിങ്ങിന് മുമ്പ് ആന വലിയൊരു പ്രശ്നമായി തോന്നിയില്ല. പക്ഷെ ലൊക്കേഷനില്‍ ആന എത്തിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലായത്. ആനയെ കണ്ടപ്പോള്‍ ദൈവമെ ഇതിനെ ഇനി എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ആന ഫൈറ്റിലൊക്കെയുണ്ട്. ആന നമ്മള് പറയുമ്പോലെ ചെയ്യുന്നില്ല. നമ്മള് ആനക്ക് വേണ്ടി കാത്തിരിക്കണം. ആന എന്താണോ ചെയ്യുന്നത് അത് നമ്മള് ഷൂട്ട് ചെയ്യുക എന്നേ ചെയ്യാന്‍ പറ്റു. പെപ്പയും ആനയുമായുള്ള സീനുകളില്‍ ആദ്യം അവന് കുറച്ച് പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ അത് ശരിയായി. പിന്നെ കിച്ചുവാണ് മറ്റൊരു പാപ്പാന്. ആള്‍ക്ക് സ്വന്തമായി ആനയൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് ആള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല’, ടിനു വ്യക്തമാക്കി.
ആന്റണി വർഗീസിനെ കൂടാതെ അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം.
Post Your Comments