ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനും സംവിധായകൻ ആഷിഖ് അബുവും ഒരുമിക്കുന്നു. ഷാരൂഖ് ഖാനോട് ഒരു സിനിമയുടെ കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചെന്നും ആഷിഖ് അബു വ്യക്തമാക്കി. തമിഴ് ഓൺലൈൻ ചാനലായ സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ആണ് ആഷിഖ് അബു വരാനിരിക്കുന്ന സിനിമയെ കുറിച്ച് വ്യക്തമാക്കിയത്.
തങ്ങൾ ഷാരൂഖ് ഖാന്റെ വീട്ടിൽ പോയി അദ്ദേഹത്തോട് ഒരു ഐഡിയ പറഞ്ഞു എന്നും അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തെന്നും ആഷിക് അബു പറയുന്നു. ആ ഐഡിയ ഇപ്പോൾ ശ്യാം പുഷ്ക്കരൻ വലുതാക്കി കൊണ്ടിരിക്കുകയാണ് എന്നും ഇപ്പോഴുള്ള മറ്റു തിരക്കുകൾ ഷാരൂഖ് ഖാനും തങ്ങളും തീർത്തു കഴിഞ്ഞാൽ ആ ചിത്രം സംഭവിക്കുമെന്നും ആഷിഖ് അബു പറയുന്നു. ആ ചിത്രം ഒരു ആക്ഷൻ സിനിമ ആയിരിക്കുമെന്നും ആഷിക് അബു പറയുന്നുണ്ട്. ഫിലിം ഫെയറിന്റെ ജിതേഷ് പിള്ള വഴിയാണ് തങ്ങൾ ഷാരൂഖ് ഖാന്റെ മുന്നിൽ എത്തിയത് എന്നും ആഷിഖ് അബു പറയുന്നു.
ടോവിനോ തോമസ് നായകനായ നാരദൻ ആണ് ആഷിഖ് അബു സംവിധാനം ചെയ്തു ഇനി പുറത്തു വരാൻ പോകുന്ന ചിത്രം. ഇത് കൂടാതെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിക്കുന്ന നീലവെളിച്ചം എന്ന ചിത്രവും ആഷിഖിന് മലയാളത്തിൽ ഒരുക്കാനുണ്ട്.
Post Your Comments