പോലീസ് വേഷങ്ങളിലെ ഉജ്ജ്വല പ്രകടനത്താൽ പ്രശസ്തനായ താരമാണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തതെങ്കിലും മറ്റു സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ച്ചവെച്ചു. 1997ൽ ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ട’ത്തിലെ പെരുമലയൻ എന്ന കഥാപാത്രം മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു. അതേ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹം നേടി. ഇപ്പോൾ മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ പുതിയ സിനിമ കാവലിനെക്കുറിച്ചും സിനിമയിൽ നിന്ന് മാറി നിന്ന കാലത്തെക്കുറിച്ചും മനസ് തുറക്കുകയാണ് സുരേഷ്ഗോപി.
സുരേഷ് ഗോപിയുടെ വാക്കുകൾ :
‘നിഥിൻ ആദ്യം സമീപിക്കുന്നത് ലേലം രണ്ടാംഭാഗം ചെയ്യാനാണ്. അന്ന് ഞാൻ പറഞ്ഞു നിന്റെ അച്ഛൻ എഴുതിതരുമെങ്കിൽ ഞാൻ അഭിനയിക്കാം, അതുപോലെ ജോഷി സാറും സമ്മതിക്കണം. അതൊക്കെ ശരിയാക്കിക്കൊള്ളാമെന്ന് നിഥിൻ പറഞ്ഞു. 2016 മുതൽ രൺജി ലേലം എഴുതുന്നുണ്ട്. എഴുതുന്നതിനേക്കാൾ കൂടുതൽ കീറി കളയുകയാണെന്ന് പറയുന്നതായിരിക്കും ശരി.
വരനെ ആവശ്യമുണ്ട് ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു. കേരളത്തിലേക്ക് യാത്ര ചെയ്യാൻ പറ്റില്ല, ഷൂട്ടിങ്ങ് ചെന്നൈയിൽ വേണം എന്നൊക്കെ അവർക്ക് നിബന്ധനയുണ്ടായിരുന്നു. ചെന്നൈയിലെ സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചു.
ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാൻസൽ ചെയ്തു. അനൂപിനെ വിളിച്ചിട്ട് ഞാൻ അഭിനയിക്കുന്നില്ല, വരുന്നില്ല എന്ന് അറിയിച്ചു. അപ്പോൾ അനൂപ് പറഞ്ഞു, സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല. ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിലിൽ ഇടും. സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകൾ മനസിൽ കൊണ്ടു. സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാൻ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാൻസ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ 10,000 രൂപ അഡ്വാൻസ് തന്നിട്ട്, സർ കയ്യിൽ ഇപ്പോൾ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂർത്തിയാക്കുന്നത്.
ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്. രണ്ടാംഭാവത്തിന്റെ പരാജയം എന്നെ തളർത്തി, അതിന്ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. അതിന്ശേഷം കുറേ നാൾ കഴിഞ്ഞ് രൺജിപണിക്കരെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്ലക്സ് വരണം എന്ന് പറഞ്ഞു. രൺജി ഒരാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം പക്ഷെ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കിൽ ചെയ്യാമെന്ന്. ഭരത്ചന്ദ്രൻ ഐപിഎസ് സംഭവിക്കുന്നത് അങ്ങനെയാണ്.
ഞാൻ എന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി’ – സുരേഷ്ഗോപി പറഞ്ഞു.
Post Your Comments