രമേശ് പിഷാരടിക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളും ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ച് പ്രേക്ഷകർക്ക് പരിചിതനായ ശേഷം 2010ല്‍ പുറത്തിറങ്ങിയ ‘പാപ്പി അപ്പച്ച’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വന്ന നടനാണ് ധര്‍മജന്‍. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ മനസ്സ് തുറന്ന് ചിരിപ്പിക്കാൻ ധർമജനായി.
ഇപ്പോൾ തിരിമാലി എന്ന സിനിമയുടെ ഷൂട്ടിംഗിനായി നേപ്പാളിലേക്ക് പോയപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഷൂട്ടിംഗിനിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് തനിക്ക് തീരെ വയ്യാതായി അവിടെ കിടന്ന് മരിച്ചു പോകുമെന്ന് തോന്നിയിരുന്നതായി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.
‘സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് വയ്യായ്കയുണ്ട്. വൈകിട്ട് ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കൈയില്‍ നിന്ന് ഒരു ഗുളിക മേടിച്ച് അകത്താക്കി. ആ കൊടുംതണുപ്പിലും എന്റെ ശരീരം മുഴുവന്‍ ചൂടാണ്. കൊടുംതണുപ്പിലും മുറിയിലെ ജനലുകള്‍ തുറന്നിട്ടാണ് ഞാൻ കിടന്നത്.
ഒമ്പതു ദിവസം പിന്നിട്ടപ്പോള്‍ തീരേ വയ്യാത്ത അവസ്ഥയായി. ഇവിടെ കിടന്ന് ചത്തു പോകും എന്ന് എന്റെ മനസു പറഞ്ഞു. മരിക്കുന്നതിനു മുമ്പ് ഭാര്യയെയും മക്കളെയും കാണണമെന്നും ഉടന്‍ നാട്ടിലേക്ക് പോകണമെന്നും നിര്‍മ്മാതാവ് ലോറന്‍സ് ചേട്ടനോട് പറഞ്ഞു. അങ്ങനെ എനിക്ക് കാഠ്മണ്ഡുവിലേക്ക് പോകാനായി ചേട്ടന്‍ ഹെലികോപ്റ്ററൊക്കെ ഏര്‍പ്പാടാക്കി.
എന്നാല്‍ ഹെലികോപ്റ്ററില്‍ പോവാനുള്ള പേടി കാരണം കാര്‍ തന്നെ മതിയെന്ന് പറഞ്ഞു. അങ്ങനെ പോകാനുള്ള വാഹനം റെഡിയായി. പെട്ടികളെല്ലാം പാക്ക് ചെയ്ത് ഇറങ്ങാനൊരുങ്ങി സംവിധായകന്‍ രാജീവ് ഷെട്ടിയോട് യാത്ര പറയാന്‍ മുറിയില്‍ ചെന്നപ്പോള്‍, അയാള്‍ ഇരുന്ന് കരയുകയാണ്. അവന്റെ ആദ്യത്തെ സിനിമയാണ്. ഞാൻ പോയിക്കഴിഞ്ഞാല്‍ ഷൂട്ടിംഗ് മുടങ്ങും.അതിന്റെ ടെന്‍ഷനിലാണ് അവന്‍. ആ സങ്കടം കാണാതിരിക്കാന്‍ ആയില്ല, മരിക്കുന്നുണ്ടേല്‍ നേപ്പാളില്‍ കിടന്ന് മരിക്കാം എന്ന് മനസിലുറപ്പിച്ചു. ഷൂട്ട് തീര്‍ത്തിട്ടേ മടങ്ങൂ എന്ന് രാജീവിനോട് പറഞ്ഞു. ഷൂട്ട് പുനരാരംഭിച്ച് രണ്ടാം ദിവസം പൊലീസ് പ്രശ്‌നമുണ്ടാക്കി. ഷൂട്ടിംഗ് നടത്താനാവില്ലെന്ന് പറഞ്ഞ് ഞങ്ങളെ മടക്കി.
കാഠ്മണ്ഡുവില്‍ ചെന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോള്‍ ഞാൻ കോവിഡ് പോസിറ്റീവ്. കൂടെ ജോണി ആന്റണിയും നിര്‍മ്മാതാവ് ലോറന്‍സും പോസിറ്റീവായി എനിക്ക് പിന്തുണ അറിയിച്ചു. രണ്ടാം ദിവസം വീണ്ടും പരിശോധിച്ചപ്പോള്‍ മൂന്നുപേരും നെഗറ്റീവായി. കാരണം അത്രയും ദിവസം കൊണ്ടു തന്നെ കോവിഡ് തന്റെ ശരീരത്തെ പരമാവധി തളര്‍ത്തിയിരുന്നു. ഷൂട്ടിങ് നടന്ന സമയത്തെല്ലാം തങ്ങള്‍ മൂന്നുപേരും പോസിറ്റീവായിരുന്നു എന്ന് ചുരുക്കം’- ധർമജൻ പറഞ്ഞു.
Post Your Comments