ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാനി’ലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. ഉണ്ണി തന്നെ ആലപിച്ച ഗാനം ശബരിമല സന്നിധാനത്തു വച്ചാണ് പ്രകാശന ചടങ്ങ് നടത്തിയത്. വിനായക് ശശികുമാറിന്റ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ ഈണമൊരുക്കി. സ്വന്തം ചിത്രത്തിൽ ഗാനം ആലപിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാനിലെ മൂന്നാം ഗാനമാണിത്. മുൻപ് പുറത്തിറങ്ങിയ ‘കണ്ണിൽ മിന്നും മന്ദാരം’, മേലെ വാനിൽ’ എന്നീ രണ്ടു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുൻപും പിന്നണി പാടിയിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനാലാപനം പുതിയ അനുഭവമായിരുന്നുവെന്നും വെല്ലുവിളികൾ നേരിട്ടുവെന്നുമാണ് താരം വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്റെ പാട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ആദ്യ സംരംഭം കൂടിയാണിത്.
നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാൻ’. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽസൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു സര്ട്ടിഫിക്കേഷന് ആണ് നേടിയിരിക്കുന്നത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ് ആണ് വിതരണം.
Post Your Comments