പ്രശസ്ത ഗായകന് തോപ്പില്‍ ആന്റോ ( 81 ) വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു ആന്റോ.
സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെ പിന്നണി ഗായകനായ ആന്റോ പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് എന്നിങ്ങനെയുള്ള നാടകസമിതികളുടെ ഗാനങ്ങളുടെ സ്വരമായി.
കെ.എസ് ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്. പിന്നീട് എം.കെ. അര്ജുനന്, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങിയ പ്രതിഭകളുടെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. ‘മധുരിക്കും ഓര്‍മകളേ…’ എന്ന ഹിറ്റ് നാടകഗാനം ആന്റോയാണ് പാടിയത്. തന്റെ ട്രൂപ്പായ ‘കൊച്ചിന് ബാന്‍ഡോറി’ലൂടെ ഒട്ടേറെ പുതിയ ഗായകരെ ആന്റോ കേരളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.
Post Your Comments