അന്തരിച്ച പ്രശസ്ത നടൻ തിലകന്റെ മകനാണ് മലയാള ചലച്ചിത്ര നടനും, ഡബ്ബിങ് കലാകാരനുമായ ഷമ്മി തിലകൻ.1986-ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന ഷമ്മി പ്രതിനായക വേഷങ്ങളിലൂടെ ആയിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1993-ൽ ഗസൽ എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
ഇപ്പോൾ ഡിസംബര്‍ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍, തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കടുത്ത പ്രതികരണവുമായി ഷമ്മിയെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന, തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും ശരി ചെയ്താല്‍ ശരിയെന്നും അംഗീകരിക്കുന്ന, ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍.
താര സംഘടനയായ ‘അമ്മ’യില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..! മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു..! ഒപ്പം, ‘അദ്ഭുതങ്ങള്‍’ അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് ‘ചിലര്‍’ ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ ദുഃഖത്തോടെ വെളിപ്പെടുത്തി.
ചില ‘വേണ്ടപ്പെട്ടവര്‍’ ഒന്നും പറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. ‘കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്…’ എന്നു പുലമ്പി ചിലര്‍. മറ്റുചിലര്‍ ‘ഷമ്മി, എന്നെ ഓര്‍ത്തല്ലോ’ എന്നും, ഇക്കാര്യത്തിനു വേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാല്‍, എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു.’ജനാധിപത്യ ബോധം’ എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നത്.
ആരു ‘തള്ളി’യാലും നട്ടെല്ലുള്ള, ജനാധിപത്യ ബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..! ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം..,മനുഷ്യനെ കണ്ടവരുണ്ടോ…? ഇരുകാലി മൃഗമുണ്ട്.. ഇടയന്മാര്‍ മേയ്ക്കാനുണ്ട്…, ഇടയ്ക്കു മാലാഖയുണ്ട്…,ചെകുത്താനുമുണ്ട്…! മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?’
Post Your Comments