മുംബൈ : പുതിയൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ് സിനിമാ ലോകം. താരസുന്ദരി കത്രീന കൈഫും യുവനടന് വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിന്റെ ചൂടന്‍ ചര്‍ച്ചകളാണ് എവിടെയും.
താരങ്ങള്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങിനെത്തുന്ന അതിഥികള്‍ക്കായി വമ്പൻ സര്‍പ്രൈസുകള്‍ തന്നെ താരങ്ങള്‍ ഒരുക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഇവന്റ് മാനേജ്മെന്റ് കമ്പനികൾ റിഹേഴ്സലുകളും നടത്തി. രാജസ്ഥാനിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ച് വിവാഹിതരാകുന്ന താരങ്ങള്‍ നിരവധി സര്‍പ്രൈസുകളാണ് അതിഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. വിവാഹവേദിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന രന്ത്തംബോറ് ദേശീയ ഉദ്യാനത്തില്‍ അതിഥികള്‍ക്കായി പ്രത്യേക കടുവ സഫാരിയുണ്ടാകുമെന്നാണ് വിവരം. ഇതിനായുള്ള നിര്‍ദേശങ്ങള്‍ താരങ്ങള്‍ ഇവന്റ് മാനേജ്മെന്റ് ടീമിന് നല്‍കിക്കഴിഞ്ഞു.
വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ ചില വ്യവസ്ഥകളില്‍ ഒപ്പുവയ്ക്കണമെന്നും വിവരങ്ങളുണ്ട്. പങ്കെടുക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടരുത്, ഫോട്ടോഗ്രഫി അനുവദിക്കില്ല, ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്, വിവാഹവേദി പങ്കുവയ്ക്കരുത്, വേദി വിടുംവരെ പുറം ലോകവുമായി ബന്ധപ്പെടാന്‍ പാടില്ല തുടങ്ങി നിരവധി നിബന്ധനകളാണ് വ്യവസ്ഥയിലുള്ളത്.
നിബന്ധനകള്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് താരജോഡിക്ക് കിട്ടുന്നത്. ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. കൊവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. സല്മാന് ഖാന്, കബീര്‍ ഖാന്, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments