1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവും കപിൽ ദേവിന്റെ ജീവിതവും പറയുന്ന ചിത്രമാണ് രൺവീർ സിങ് നായകനാകുന്ന ’83’. വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കപിൽ ദേവായാണ് രൺവീർ സിങ് എത്തുന്നത്. കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.
സ്ക്രീനിലെ കപിൽ ദേവിന് പൂർണത നൽകാൻ സാക്ഷാൽ കപിൽ ദേവിനൊപ്പം ദിവസങ്ങളാണ് രൺവീർ ചിലവഴിച്ചത്. ഇപ്പോഴിതാ, രൺവീറിനൊപ്പം സമയം ചിലവഴിച്ചതിന്റെ അനുഭവം പറയുകയാണ് കപിൽ ദേവ്. തന്നെ നോക്കി പഠിക്കുന്നതിനായി രൺവീർ വീട്ടിലെത്തിയപ്പോൾ ക്യമാറ കണ്ടു പകച്ചെന്നും തന്നെ സഹായിച്ചത് രൺവീർ ആണെന്നുമാണ് കപിൽ പറയുന്നത്. ദി ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് കപിൽ ദേവ് ഇത് വ്യക്തമാക്കിയത്.
കപിലിന്റെ വാക്കുകൾ :
‘എനിക്ക് തോന്നുന്നു, ആദ്യം ഞാൻ വളരെ ആശയക്കുഴപ്പത്തിലായിരുന്നു. എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. കാരണം രണ്ടു മൂന്ന് ക്യാമറകൾ എപ്പോഴും മുന്നിൽ ഉണ്ടായിരുന്നു. അപ്പോൾ രൺവീർ പറഞ്ഞു, ‘പേടിക്കണ്ട, ആവശ്യമായ സമയമെടുക്കുകയാണേൽ അതിനോട് യോജിച്ചു പൊക്കോളു’മെന്ന്. അങ്ങനെ ഞാൻ ഒന്നോ രണ്ടോ ദിവസമെടുത്തു പിന്നെ എല്ലാം ശരിയായി. ചിത്രത്തിന്റെ സംവിധായകൻ കബീർ സിങ് സിനിമയുടെ ആശയവുമായി ആദ്യം സമീപിച്ചപ്പോഴും ഒരു ആശയകുഴപ്പമുണ്ടായിരുന്നു. എങ്ങനെയാകും സിനിമാ പുറത്തുവരിക എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു അവർ പിന്നീട് എന്നെ എങ്ങനെയോ ബോധ്യപ്പെടുത്തി’- കപിൽ പറഞ്ഞു.
സിനിമയ്ക്കായി താരങ്ങളെ താൻ പരിശീലിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഒന്ന് രണ്ടു ദിവസം ധർമശാലയിൽ പോയി പരിശീലനം കാണുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments