InterviewsLatest NewsNEWS

‘അങ്ങനെ മാധവന്‍ നായര്‍ എന്ന ഞാന്‍ മധുവായി’: സിനിമയിൽ വന്ന ശേഷം പേര് മാറ്റിയ കഥ പറഞ്ഞ് മധു

പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്ത് തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സിനിമ ലോകത്ത് സ്വന്തമായ ഒരു ഇടം നേടിയ താരമാണ് മധു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ നാടകത്തില്‍ സജീവമായിരുന്ന മധു അഭിനയ മോഹം മൂലം തന്റെ അധ്യാപക ജോലി രാജി വെച്ചാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. പാറപ്പുറത്തിന്റെ നോവലിനെ അടിസ്ഥാനമാക്കി എന്‍.എ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് മധുവിന്റെ സിനിമ പ്രവേശനം. തുടർന്ന് ചെമ്മീന്‍, ഭാര്‍ഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍, യുദ്ധകാണ്ഡം, നീതിപീഠം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

ഇപ്പോൾ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമക്ക് ശേഷം മാധവന്‍ നായര്‍ എന്ന തന്റെ പേര് എങ്ങനെയാണ് മധു ആയതെന്ന് വിവരിക്കുകയാണ് അദ്ദേഹം. മാതൃഭൂമി വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആദ്യചിത്രത്തിലെ അനുഭവങ്ങള്‍ മധു പങ്കുവെച്ചത്.

‘പ്രേം നസീര്‍ അവതരിപ്പിച്ച തങ്കപ്പന്‍ എന്ന പട്ടാളക്കാരന്റെ സ്നേഹിതനായ സ്റ്റീഫന്‍ എന്ന പട്ടാളക്കാന്റെ വേഷമായിരുന്നു എനിക്ക്. യഥാര്‍ത്ഥത്തില്‍ ഈ കഥാപാത്രത്തെ സത്യന്‍ മാസ്റ്റര്‍ക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു. പക്ഷേ, പ്രേം നസീറിന്റെ താഴെ നില്‍ക്കുന്ന വേഷം ഏറ്റെടുക്കാന്‍ സത്യന്‍ മാസ്റ്റര്‍ തയാറാകാത്തത് കൊണ്ടാണ് ആ വേഷം എനിക്ക് ലഭിച്ചത്. ഇതെല്ലാം ഞാന്‍ പിന്നീട് അറിഞ്ഞ കാര്യങ്ങളാണ്.

നിണമണിഞ്ഞ കാല്‍പ്പാടുകള്‍ പ്രദര്‍ശനത്തിനെത്തിയ ദിവസം തിരുവനന്തപുരം ചിത്ര തിയറ്ററില്‍ എത്തി. സിനിമ തുടങ്ങി ടൈറ്റിലില്‍ എന്റെ പേര് കാണാഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നി. സിനിമ തീര്‍ന്നപ്പോള്‍ ഞാന്‍ ശോഭന പരമേശ്വരന്‍ നായരെ ഫോണില്‍ വിളിച്ച് ടൈറ്റിലില്‍ എന്റെ പേര് ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു. മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

‘മിസ്റ്റര്‍ മാധവന്‍ നായര്‍ നിങ്ങളോട് ചോദിച്ചാല്‍ ചിലപ്പോള്‍ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി പറഞ്ഞില്ലന്നേയുള്ളു. സിനിമക്ക് വേണ്ടി ഞാനും ഭാസ്‌കരന്‍ മാഷും ചേര്‍ന്ന് നിങ്ങളുടെ പേര് മധു എന്നാക്കി. പ്രേം നസീറിന്റെ പേരിന്റെ തൊട്ടുതാഴെ നിങ്ങളുടെ പേരാണ്. ഇനി മുതല്‍ നിങ്ങള്‍ മധുവാണ്’ അങ്ങനെ മാധവന്‍ നായര്‍ എന്ന ഞാന്‍ മധുവായി’- മധു പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button