‘അന്നൊക്കെ ഞാന്‍ വെറും തോല്‍വിയായിരുന്നു, അവസാനം എനിക്ക് പറ്റുന്ന രീതിയില്‍ ഒമര്‍ ലുലു സീന്‍ അഡ്ജസ്റ്റ് ചെയ്തു’: അരുണ്‍

കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന ചിത്രത്തില്‍ ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന് പിന്നീട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ താരമാണ് അരുണ്‍. തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചും ഒമര്‍ ലുലുവിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും തുറന്ന് പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം.

‘ജീവിതത്തില്‍ ആദ്യമായി ഒരു ഇന്റര്‍വ്യൂ അറ്റന്റ് ചെയ്ത്, ജോലി കിട്ടിയിട്ടും അത് ഉപേക്ഷിച്ചാണ് അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായത്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള സെക്കന്റ് ഹീറോ ആയാണ് എന്നെ കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ 10-15 ദിവസം സെക്കന്റ് ഹീറോ എന്ന നിലയില്‍ തന്നെയായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പോകെ പോകെ കഥയില്‍ മാറ്റങ്ങള്‍ വരികയും പുതിയ പുതിയ കഥാപാത്രങ്ങള്‍ വരികയും ചെയ്തു. അതോടെ എന്റേത് സൈഡ് ക്യാരക്ടറായി മാറി. പക്ഷേ ഒമറിക്ക കൂടെ നില്‍ക്കുകയും അടുത്ത സിനിമയില്‍ നോക്കാടാ എന്ന് പറയുകയും ചെയ്തു. അങ്ങനെ ഒമറിക്കയുടെ അടുത്ത ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തു’- അരുൺ പറഞ്ഞു.

അഞ്ചോളം പാട്ടുകളുണ്ടായിരുന്ന ചിത്രമായിരുന്നു ധമാക്കയെന്നും അതിന് വേണ്ടി മാത്രം താന്‍ ഡാന്‍സ് പഠിച്ച കാര്യവും താരം വെളിപ്പെടുത്തി. ‘അന്നൊക്കെ ഞാന്‍ വെറും തോല്‍വിയായിരുന്നു. ഒരു രീതിയിലും ഡാന്‍സ് ചെയ്യാന്‍ അറിയുമായിരുന്നില്ല. പിന്നെ ഇതില്‍ വന്നിട്ട് എന്തോക്കെയൊ ചെയ്തു. സിനിമയിലെ പാട്ടിന് വേണ്ടി ഒമറിക്ക കുറച്ച് റഫറന്‍സുകള്‍ അയച്ച് തന്നിരുന്നു. അതൊക്കെ കണ്ടപ്പോഴേക്കും ഞാന്‍ ഞെട്ടിപ്പോയി. ഷാഹിദ് കപൂറിന്റെയൊക്കെ ഷോട്ടും സീക്വന്‍സുകളുമാണ് എഡിറ്റ് ചെയ്ത് അയച്ച് തന്നത്. അവസാനം എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഒമര്‍ ലുലു സീന്‍ അഡ്ജസ്റ്റ് ചെയ്തു’- താരം കൂട്ടിച്ചേർത്തു.

 

Share
Leave a Comment