ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 1948 ഡിസംബര്‍ 7നായിരുന്നു ജനനം. തമിഴ് – തെലുങ്ക് സിനിമകളിലൂടെയാണ് ശിവശങ്കര്‍ ശ്രദ്ധേയനായത്.
10 ഇന്ത്യന്‍ ഭാഷകളിലായി എണ്ണൂറോളം സിനിമകള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്.എസ്.രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് അദ്ദേഹമാണ്.
ദേശീയ പുസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2009ല്‍ എസ്.എസ്. രാജമൗലിയുടെ മഗധീര എന്ന ചിത്രത്തിനാണ് മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ശിവശങ്കറിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.
ശിവശങ്കറിന്റെ ഭാര്യയ്ക്കും മൂത്തമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഭാര്യ ഹോം ക്വാറന്റീനിലാണ്.
Leave a Comment