കൊച്ചി : നടന്‍ വിജയ്‌യെ കാണണമെന്ന് ആഗ്രഹിച്ച യുവാവിന് തിരികെ കിട്ടിയത് സ്വന്തം കുടുംബത്തെ. വിജയ്‌യെ കാണുകയെന്ന സ്വപ്നവുമായി നടക്കുകയായിരുന്ന പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജ് എന്ന യുവാവിനാണ് വർഷങ്ങളായി നഷ്ടപ്പെട്ടുപോയ കുടുംബത്തെ തിരികെ ലഭിച്ചത് .
ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ വിജയ്‌യെ കാണാനുളള രാംരാജിന്റെ ആഗ്രഹം ഒരു വീഡിയോ ആക്കി ഇവരുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വിജയ് ഫാന്‍സ് അസോസിയേഷന്‍ അവരുടെ ഫെയ്സ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തു.
വീഡിയോ തമിഴ്നാട്ടില്‍ വൈറലായതോടെ ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്‍മാരും ഈ വീഡിയോ കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട സഹോദരനെ തിരിച്ചറിയുകയായിരുന്നു.
ഇതോടെ സഹോദരങ്ങള്‍ അഗതിമന്ദിരവുമായി ബന്ധപ്പെട്ടു തുടർന്ന് അനിയനെ തേടി പളളുരുത്തിയിലെ കോത്തലംഗോയിലെ അഗതി മന്ദിരത്തിലെത്തി. പിന്നീട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ രാംരാജിനെ സഹോദരന്‍മാര്‍ ഏറ്റെടുത്തു. ഞായറാഴ്ച രാത്രി ഇവര്‍ രാംരാജിനെ ചിദംബരത്തേക്ക് കൊണ്ടുപോയി.
Post Your Comments