മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിനെതിരെ ഇടയ്ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന് പ്രിയദര്‍ദര്‍ശന്‍.
ട്രെയ്ലർ റിലീസിന് പിന്നാലെ മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചു വെച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ഗണപതിയല്ല, സാമൂതിരിയുടെ കൊടിയടയാളമായ ആനയാണെന്ന് പ്രിയദര്ശന് പറഞ്ഞു.
കൂടാതെ, ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടില്‍ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാന്‍ പറ്റും എന്നായിരുന്നു മറ്റൊരു വിമർശനം. എന്നാല്‍ മരക്കാര്‍ ഉപയോഗിക്കുന്നത് 13-ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെറസ്ട്രിയല്‍ ടെലിസ്കോപ്പാണെന്നാണ് പ്രിയദര്‍ശന്റെ വിശദീകരണം. വിമർശനങ്ങൾക്കെല്ലാം മറുപടി പറയുകയാണ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന ലേഖനത്തിലൂടെ പ്രിയദര്ശന്.
പ്രിയദര്‍ശന്റെ വാക്കുകള്‍:
‘മരക്കാറിന്റെ ട്രെയ്ലർ ഇറങ്ങിയപ്പോള്‍ പലരും ഉന്നയിച്ച വിമര്‍ശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചു വെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാല്‍ അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്. ഇന്ന് കേരള ഗവണ്മെന്റിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തില്‍നിന്ന് വന്നതാവാം. സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാല്‍ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കുമില്ലാത്തതിന്റെ പ്രശ്നമാണത്.
രണ്ടാമത്തെ കാര്യം ടെലിസ്കോപ്പിനെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടില്‍ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാന്‍ പറ്റും എന്നായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ഗലീലിയോ 17-ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കല്‍ ടെലിസ്കോപ്പാണ്, അതിനു മുമ്പേ 13-ാം നൂറ്റാണ്ടില്‍ത്തന്നെ ടെറസ്ട്രിയല്‍ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നാണ്. മരക്കാര്‍ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയല്‍ ടെലിസ്കോപ്പാണ്.’
Post Your Comments