1.30 കോടിയുടെ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി: നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ, ധ്യാനിന്റെ പുതിയ കാറാണ് ശ്രദ്ധ കവരുന്നത്. മിനി കൂപ്പര്‍ എസിന് പിന്നാലെ ബിഎംഡബ്ല്യൂ എക്സ് സിക്സും സ്വന്തമാക്കിയിരിക്കുകയാണ് താരം.

ഭാര്യ അര്‍പ്പിതയ്ക്കും മകള്‍ ആരാധ്യ സൂസന്‍ ധ്യാനിനുമൊപ്പമാണ് താരം ബിഎംഡബ്ല്യുവിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. 1.30 കോടി രൂപയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു എക്സ്6ന് ഇന്ത്യന്‍ വിപണിയില്‍ വില. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ധ്യാന്‍ ഈ എസ്‌യുവി വാങ്ങിയത്.

‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനാവുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നായിരുന്നു.

ധ്യാന്‍ നായകനായി അഭിനയിക്കുന്ന ‘കടവുള്‍ സകായം നടന സഭ’ ആണ് അണിയറയിൽ പുരോഗമിക്കുന്ന മറ്റൊരു ചിത്രം. സായാഹ്ന വാര്‍ത്തകള്‍, പാതിരാ കുര്‍ബാന, അടുക്കള: ദി മാനിഫെസ്റ്റോ തുടങ്ങി ധ്യാൻ അഭിനയിച്ച ഏതാനും ചിത്രങ്ങൾ കൂടി റിലീസിനെത്താനുണ്ട്.

 

Share
Leave a Comment