ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മാനാടി’നെതിരെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച. ചിത്രത്തില്‍ മുസ്‍ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആയതിനാല്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യുകയോ തമിഴ്നാട്ടില്‍ നിരോധിക്കുകയോ ആണ് വേണ്ടതെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയില്‍ പറഞ്ഞു.
‘നിയമലംഘകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായാണ് മുസ്‍ലിങ്ങളെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശക്തിയുള്ള മാധ്യമമായി പരിഗണിക്കപ്പെടുന്ന സിനിമ സമൂഹത്തിലേക്ക് പോസിറ്റീവ് സന്ദേശങ്ങളാണ് എത്തിക്കേണ്ടത്. ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുള്ളവരെ മൗലികവാദികളായി ചിത്രീകരിക്കുന്നത് അവരില്‍ അരക്ഷിതാവസ്ഥ സൃഷ്‍ടിക്കുകയാണ് ചെയ്യുന്നത്.
1998ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ തൊപ്പി വച്ചവരും കാവിയുടുത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ രംഗം സമൂഹത്തിന്‍റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. 1998ല്‍ ഡിഎംകെ ആയിരുന്നു അധികാരത്തില്‍. കോയമ്പത്തൂര്‍ സ്ഫോടനം ഇന്ന് ഒരു സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സമയത്ത് അത് ആവശ്യമായ രീതിയില്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഉടനടി ഇടപെടണം’- സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.
Post Your Comments