അടുത്ത വര്‍ഷം ഏപ്രില്‍ 14നാണ് ‘കെജിഎഫ് 2’ റിലീസ് ചെയ്യുന്നത്. അന്നേ ദിവസം തന്നെ ‘ലാല്‍ സിങ് ഛദ്ദ’യും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതില്‍ യഷിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്. കെജിഎഫ് ടീമിനോട് താന്‍ ക്ഷമ ചോദിക്കുന്നതായും കെജിഎഫിനായി പ്രമോഷന് ഏറ്റെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി.
ഏപ്രില്‍ 14ന് തന്നെ എന്തുകൊണ്ട് ലാല്‍ സിങ് ഛദ്ദ റിലീസ് ചെയ്യുന്നു എന്ന് വ്യക്തമാക്കി കെജിഎഫ് താരം യഷ്, സംവിധായകന് പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിരാഗന്ദൂര്‍ എന്നിവര്‍ക്ക് കത്തയച്ചെന്നും ആമിര്‍ വെളിപ്പെടുത്തി. ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആമിറിന്റെ വാക്കുകൾ :
‘മറ്റൊരു വന്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം ഞാൻ പൊതുവെ എന്റെ സിനിമ റിലീസ് ചെയ്യാറില്ല. മറ്റൊരാളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നതിനെ വെറുക്കുന്നു. പക്ഷേ ലാല്‍ സിങ് ഛദ്ദയില്‍ സിഖുകാരനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ബൈസാഖി ദിനമായ ഏപ്രില്‍ 14 ആണ് സിനിമയുടെ റിലീസിന് ഏറ്റവും അനുയോജ്യം.
യഷുമായി ദീര്‍ഘ നേരം സംസാരിച്ചു. അദ്ദേഹം എന്നെ പിന്തുണച്ചു. കെജിഎഫ് എന്നത് ബ്രാന്‍ഡ് ആണെന്നും അതിനാല്‍ സിനിമയുടെ തുടര്‍ ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുകയാണെന്നും ഞാൻ പറഞ്ഞു. കെജിഎഫ് ആക്ഷന്‍ സിനിമയാണ്. എന്റേത് കുടുംബ കഥയാണ്. അതുകൊണ്ട് സിനിമകളുടെ കളക്ഷനെ പരസ്പരം ബാധിക്കില്ലെന്ന് കരുതുന്നു.
കെജിഎഫിന്റെ പ്രമോഷന് ഏറ്റെടുക്കാനുള്ള സന്നദ്ധത ഞാൻ അറിയിച്ചു. ഏപ്രില്‍ 14ന് തന്നെ തിയേറ്ററിലെത്തി കെജിഎഫ് കാണുമെന്നും യഷിനോട് പറഞ്ഞു’- ആമിര്‍ ഖാന് വ്യക്തമാക്കി.
Post Your Comments