കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെ ഗായകനായി വന്ന് പിന്നീട് നായകനായും സംവിധായകനായും മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസന്‍. 2008ല്‍ പുറത്തിറങ്ങിയ ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ നായകനായും 2010ല്‍ റിലീസ് ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബി’ലൂടെ സംവിധായകനായും വിനീത് മലയാളക്കര കീഴടക്കി.
ഇപ്പോഴിതാ താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ചെന്നൈ കെ.സി.ജികോളേജില്‍ പഠിക്കുമ്പോഴായിരുന്നു ഭാര്യ ദിവ്യയുമായി പ്രണയത്തിലാവുന്നതെന്നും വിവാഹത്തെ കുറിച്ചും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറക്കുന്നത്
‘ദിവ്യ എന്റെ ജൂനിയറായിരുന്നു. അവള്‍ കംപ്യൂട്ടര്‍ സയന്‍സും ഞാന്‍ മെക്കാനിക്കലുമായിരുന്നു. എന്റെ ക്ലാസിലുള്ള 2 കൂട്ടുകാര്‍ അവളെ റാഗ് ചെയ്യുകയായിരുന്നു. അവളോട് മലയാളം പാട്ട് പാടാനായിരുന്നു അവര്‍ പറഞ്ഞത്. തമിഴ് സ്റ്റുഡന്റ്‌സായിരുന്നു റാഗ് ചെയ്തുകൊണ്ടിരുന്നത്. പെട്ടന്നവള്‍ക്ക് പാട്ടിന്റെ വരികളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ എന്നെ വിളിച്ച് ‘ഡേയ് മച്ചാ, ഒരു മലയാളം പാട്ട് സൊല്ലി കൊടെടാ’ എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വിട്ടു.
ഞാന്‍ ദിവ്യയോട് സീനിയേഴ്‌സ് നില്‍ക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്കൊന്നും വരണ്ട, ക്ലാസിലേക്ക് പോയ്‌ക്കോ എന്ന് പറഞ്ഞ് വിട്ടു. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കോളേജിലെ മ്യൂസിക് ക്ലബിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. കോളേജില്‍ ഒന്നിച്ച് പാട്ടൊക്കെ പാടിയിരുന്നു. അങ്ങനെ അങ്ങനെ അങ്ങനെയങ്ങ് കല്യാണം വരെ എത്തി’- വിനീത് പറഞ്ഞു.
Post Your Comments