മാന്നാർ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയ്‌ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ രംഗത്ത്. സിനിമയുടെ പോസ്റ്റർ കത്തിച്ച് വിശ്വാസികൾ പ്രതിഷേധിച്ചു. ശുഭാനന്ദ ഗുരുദേവൻ എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം’ എന്ന കീർത്തനം സിനിമയിൽ ആശ്രമത്തിന്റെ അനുവാദം കൂടാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചെന്ന് ഇവർ ചൂണ്ടിക്കാണിച്ചു.
സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഇക്കഴിഞ്ഞ 19നാണ് ചുരുളി പ്രദർശനത്തിനെത്തിയത്. നേരത്തെ, ചിത്രത്തിനെതിരെ ഇടുക്കി ജില്ലയിലെ യഥാർത്ഥ ‘ചുരുളി’ നിവാസികൾ രംഗത്ത് വന്നിരുന്നു. സിനിമക്കെതിരെ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചുരുളി നിവാസികൾ. ‘ചുരുളി’യിലെ തെറിവിളികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെയും നീക്കം.
സിനിമയിൽ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു മദ്യശാല പോലുമില്ലാത്ത സ്ഥലമാണ് ചുരുളിയെന്നും, ആ നാടിനെയാണ് ഇത്രയും മോശമാക്കി ചിത്രീകരിച്ചതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സിനിമ കണ്ടശേഷം, ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്ന് ഗ്രാമവാസികൾ പറയുന്നു.
Post Your Comments