ഒരു നടിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് സംവിധായിക ആയിഷ സുൽത്താന. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന പരിഷ്‌കാരങ്ങൾക്കെതിരേ തുടക്കം മുതൽ രംഗത്തുള്ളയാളാണ് ആയിഷ. ലക്ഷദ്വീപ് അഡിമിനിസ്ട്രേറ്റർക്കെതിരായ പരാമർശത്തിൽ ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ മേഖല സംവിധാനം ആണെന്നും നടിയായി അറിയപ്പെടാൻ ആഗ്രഹമില്ലെന്നും ആയിഷ തുറന്നു പറയുന്നു. മുക്കം മുഹമ്മദ് അബ്ദുറഹിമാൻ ഓർഫനേജ് കോളേജിലെയും മലപ്പുറം പ്രിയദർശിനി കോളേജിലെയും വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ആയിഷ.
‘ഒരു നടിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. അഭിനയം എനിക്ക് അത്ര അറിയില്ല. എന്റെ ഇഷ്ടമേഖല സംവിധാനമാണ്. ഞാൻ ഫെമിനിസ്റ്റല്ല. എന്റെ ജീവിതത്തിൽ തുല്യത കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമിനിസം എന്ന വാക്കിനുള്ള മറുപടി എനിക്ക് നൽകാനാകില്ല. സെലിബ്രിറ്റികൾ പ്രതികരിച്ചാൽ ഒരു വിഭാഗം ആളുകൾ അവർക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. ഇത്തരക്കാരോട് എനിക്ക് വെറും പുച്ഛം മാത്രമാണ് തോന്നുക’, ആയിഷ പറഞ്ഞു.
നിരന്തരമായ സമരത്തിലൂടെ ലക്ഷദ്വീപിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആയിഷ സുൽത്താന പറയുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിന് പലതിലും പേടി തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും ഇനിയും സമരം ചെയ്തുകൊണ്ട് ഇരിക്കുക എന്നതാണ് മാർഗമെന്നും ആയിഷ സുൽത്താന വിദ്യാർത്ഥികളോട് വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നത് ഒരു അംഗീകാരമൊന്നുമല്ലെന്ന് ആയിഷ പറയുന്നു.
‘രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഒരു അംഗീകാരം ഒന്നും അല്ലല്ലോ. ഇതിനുമുൻപ് രാജ്യദ്രോഹക്കുറ്റം ചാർത്തിയവരിൽ ഭൂരിഭാഗവും രാജ്യസ്‌നേഹികളായിരുന്നില്ലേ. ഞാൻ അങ്ങനെയാണ് അതിനെ കാണുന്നത്’, ആയിഷ പറഞ്ഞു.
Post Your Comments