Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

‘കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തില്‍ നിന്ന് ഇത്രയെങ്കിലും സ്ത്രീകള്‍ പഠിക്കണം’: എസ്.ശാരദക്കുട്ടി

തിരുവനന്തപുരം: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്സനുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ പ്രതികരണങ്ങളാണ് ഉയരുന്നത്.

ഇപ്പോളിതാ കെപിഎസി ലളിത സാമ്പത്തിക ഞെരുക്കത്തിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച്‌ എഴുത്തുകാരിയും നിരൂപകയുമായ എസ്.ശാരദക്കുട്ടി. കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തില്‍ നിന്ന് ഇത്രയെങ്കിലും സ്ത്രീകള്‍ പഠിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.

ശാരദക്കുട്ടിയുടെ വാക്കുകള്‍:

’13 വയസ്സു മുതല്‍ നൃത്തവും നാടകവും അഭിനയവുമായി തനിക്കറിയാവുന്ന തൊഴില്‍ ഏറ്റവും ആത്മാര്‍ഥമായി ചെയ്ത് കേരളം നിറഞ്ഞു നിന്ന നടിയാണ് കെപിഎസി ലളിത. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ അനാരോഗ്യ കാലത്തും മികച്ച വരുമാനമുള്ള തൊഴില്‍ ചെയ്യുകയായിരുന്നു അവര്‍. ഒരിക്കല്‍ ചടുലമായി ചലച്ചിരുന്ന ആ കാലുകള്‍ വലിച്ചു വെച്ച്‌ അവര്‍ തട്ടീം മുട്ടീം നടക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. കലയില്‍ സമര്‍പ്പിച്ച ജീവിതമാണത്. വിലപ്പെട്ട ജീവിതമാണത്. വിലയേറിയ അഭിനേത്രി ആണവര്‍.

പറഞ്ഞു വന്നത് അതല്ല. സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതല്‍ മികച്ച രീതിയില്‍ സ്വന്തം തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീക്ക് തന്റെ അവശ കാലത്ത് കയ്യില്‍ സമ്പാദ്യമൊന്നുമില്ലാതായിരിക്കുന്നു. സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പോയിന്റ് അതാണ് .

പ്രശസ്തനായ സംവിധായകന്‍ ഭരതന്റെ ഭാര്യയായിരുന്ന കാലത്ത് ശ്രീക്കുട്ടിയെ പ്രസവിച്ചു കിടന്ന ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ പണം കൊടുക്കാനില്ലാതെ കരഞ്ഞ കഥ ആത്മകഥയില്‍ അവര്‍ എഴുതിയിട്ടുണ്ട്. മകളുടെ വിവാഹ സമയത്തും മകന്റെ ചികിത്സാ കാലത്തും അവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നതായി നമുക്കറിയാം. സങ്കടപ്പെടുത്തുന്ന ജീവിതമായിരുന്നു ആ മികച്ച കലാകാരിയുടേത് എന്ന് തോന്നിയിട്ടുണ്ട്. അവര്‍ ചിരിക്കുകയും കരയുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു ഇന്നും .

ലളിത ചേച്ചിയുടെ കയ്യില്‍ പണമില്ലെന്നു പറഞ്ഞാല്‍ എനിക്കു വിശ്വസിക്കുവാന്‍ ഒരു പ്രയാസവുമില്ല.

വലിയ ശമ്പളം വാങ്ങുന്ന സ്ത്രീകളെ, സ്വന്തമായി അക്കൗണ്ടില്ലാത്തവരെ എത്രയോ പേരെ എനിക്കു നേരിട്ടറിയാം. ശമ്പളം ഒപ്പിട്ടു വാങ്ങി പിറ്റേന്നത്തെ വണ്ടിക്കൂലിക്ക് ഭര്‍ത്താവിനു നേരെ കൈ നീട്ടുകയും അതൊരു കുലീനതയോ സൗകര്യമോ ഭാഗ്യമോ ആയി കാണുകയും ചെയ്യുന്നവര്‍. അവരില്‍ ചിലര്‍ വീണു കിട്ടിയ ഭാഗ്യം പോലെ ചിലപ്പോള്‍ സംരക്ഷിക്കപ്പെടും. മറ്റു ചിലര്‍ കണ്ണുനീരൊഴുക്കി പശ്ചാത്തപിക്കും. പെണ്ണുങ്ങളുടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗമാണെന്ന് സമാധാനിക്കും.

സ്ത്രീകള്‍ വരുമാനമുള്ള തൊഴില്‍ ചെയ്ത് പണമുണ്ടാക്കിയാല്‍ പോരാ, അത് സൂക്ഷിക്കണം. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കണം. ജോയിന്റ് അക്കൗണ്ട് എന്നതില്‍ ചെറുതല്ലാത്ത ചതികളുണ്ട്. തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവര്‍ ആണായാലും പെണ്ണായാലും ഒടുവില്‍ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീര്‍പ്പിടേണ്ടി വരും.

വിശ്വസ്ത എന്നതിന് അമരകോശം നല്‍കുന്ന അര്‍ഥം വിഫലമായി ശ്വസിച്ചു ജീവിക്കുന്നവള്‍ എന്നാണ്. ‘ വിഫലം ശ്വസിതി വിശ്വസ്താ’. സ്ത്രീ വിശ്വസ്തയായിരിക്കണം എന്ന് അനുശാസിക്കുന്ന സമൂഹം ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാണല്ലോ.

18 വയസ്സായ ഓരോ പെണ്‍കുട്ടിയും ചെറിയ തുകയെങ്കിലും നിക്ഷേപിച്ച്‌ സ്വന്തമായി അക്കൗണ്ട് തുടങ്ങണം. കിട്ടുന്നതില്‍ ഒരു വിഹിതം തനിക്കു വേണ്ടി മാത്രം സൂക്ഷിക്കണം. രഹസ്യമായി വേണമെങ്കില്‍ അങ്ങനെ. ഇതില്‍ വിശ്വാസത്തിന്റെ പ്രശ്നമൊന്നുമില്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് സ്വാശ്രയത്വം വളരെ പ്രധാനമാണ്. വിഫലമായി ശ്വസിച്ചു ജീവിക്കരുത്. കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തില്‍ നിന്ന് നാമത്രയുമെങ്കിലും പഠിക്കണം. എനിക്കേറ്റവും പ്രിയപ്പെട്ട ലളിത ചേച്ചീ നിങ്ങള്‍ വേഗം സുഖം പ്രാപിക്കണം’.

shortlink

Related Articles

Post Your Comments


Back to top button